19 September Sunday

ചെങ്ങോടുമല ഖനനം: 
നാളെ വിദഗ്‌ധസംഘം സന്ദർശിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021
ബാലുശേരി 
കരിങ്കൽ ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സംഘം 23ന് ചെങ്ങോടുമല സന്ദർശിക്കും. സിയാക്ക് ചെയർമാൻ ഉൾപ്പെടെ ഏഴു പേരാണ് സംഘത്തിൽ ഉണ്ടാവുക. പത്തനംതിട്ട ആസ്ഥാനമായ ഡെൽറ്റ റോക്സ് പ്രൊഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ജില്ലാ പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി നൽകിയ അനുമതി കലക്ടർ മരവിപ്പിച്ചതോടെയാണ് സംസ്ഥാന സമിതിക്ക്‌ അപേക്ഷ നൽകിയത്. ഈ അപേക്ഷ  തീർപ്പാക്കാൻ സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതിയിലെ ഡോ. ഈസ, കൃഷ്ണപണിക്കർ എന്നിവർ ചെങ്ങോടുമല സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഏകപക്ഷീയമായ  ഈ റിപ്പോർട്ടിനെതിരെ സമരസമിതി ഹൈക്കോടതിയെ സമീപിച്ചു.
 സമരസമിതിയേയും പഞ്ചായത്തിനേയും കേൾക്കാതെ പാരിസ്ഥിതികാനുമതി നൽകരുതെന്ന് കോടതി ഉത്തരവിട്ടു. തുടർന്ന് സിയാക്ക് കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും സമരസമിതിയുടേയും വാദം കേട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ  സമർപ്പിച്ച റിപ്പോർട്ട് തള്ളുകയും പഠനം നടത്താൻ പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്തു.  ബാലുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള ടാങ്ക് തകർത്ത് ആ സ്ഥലം കൈയേറിയാണ് മൈനിങ്‌ പ്ലാൻ തയ്യാറാക്കിയത്.  ക്വാറി കമ്പനിയുടെ പേരിൽ 80 ഏക്കർ സ്ഥലം ചെങ്ങോടുമലയിലുണ്ട്. അതുകൊണ്ട് ഇപ്പോൾ പാരിസ്ഥിതികാനുമതിക്ക് അപേക്ഷിച്ച 12 ഏക്കറിൽ മാത്രം പരിശോധന നടത്തിയാൽ പോരെന്നും 80 ഏക്കറിലും പരിശോധന നടത്തണമെന്നുമാണ് ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top