16 September Monday

നഗരത്തിൽ രണ്ടിടത്ത‌് സീവേജ‌് ട്രീറ്റ‌്മെന്റ‌് പ്ലാന്റ‌് വരുന്നു

സ്വന്തം ലേഖികUpdated: Wednesday May 22, 2019
 
കോഴിക്കോട‌്
നഗരപ്രദേശങ്ങളിലെ കക്കൂസ‌് മാലിന്യം കേന്ദ്രീകൃതമായി സംസ‌്കരിക്കുന്നതിനായി രണ്ട‌് സീവേജ‌് ട്രീറ്റ‌്മെന്റ‌് പ്ലാന്റുകൾ വരുന്നു. ആവിക്കൽ, കോതി എന്നിവിടങ്ങളിലാണ‌് 13 എംഎൽഡി(മില്ല്യൺ ലിറ്റർ പെർ ഡേ) ശേഷിയുള്ള പ്ലാന്റുകൾ സ്ഥാപിക്കുന്നത‌്. കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെയും കോർപറേഷന്റെയും സഹകരണത്തിൽ അമൃത‌് പദ്ധതി വഴിയാണിത‌്. പ്ലാന്റ‌് നടത്തിപ്പിനായി കമ്പനികളിൽനിന്നും  ടെൻഡർ ക്ഷണിച്ചു.   
തിരുവനന്തപുരം, കൊച്ചി നഗരങ്ങൾക്ക‌് ശേഷമാണ‌് കോഴിക്കോട്ട‌് പ്ലാന്റ‌് വരുന്നത‌്. നഗര മേഖലകളിൽ അടുത്തടത്ത‌് വീടുകൾ ഉള്ളതിനാൽ സെപ‌്റ്റിക‌് ടാങ്കുകളിൽനിന്നുള്ള മാലിന്യം കിണർ ജലം മലിനപ്പെടുന്ന സാഹചര്യം പലയിടത്തും ഉണ്ട‌്. പ്ലാന്റ‌് വരുന്നതോടെ ഇതിന‌് പരിഹാരമാകും.  ഭട്ട‌് റോഡ‌്, കല്ലായിപ്പുഴയുടെ സമീപം,  കടലോര ഭാഗം, റെയിൽവേ ലൈൻ പരിസരം എന്നിങ്ങനെ 5.4 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ‌് പ്ലാന്റിന്റെ  ഗുണം ലഭിക്കുക. 116 കോടിയുടെ പദ്ധതിയിൽ   വീട‌്, അപ്പാർട്ട‌്മെന്റ‌്, ആശുപത്രി, സ്ഥാപനങ്ങൾ എന്നിവക്കെല്ലാം പൈപ്പ‌് ലൈൻ വഴി കണക‌്ഷൻ നൽകും.  കക്കൂസ‌് മാലിന്യം പൈപ്പ‌് വഴി ഈ പ്ലാന്റുകളിൽ എത്തും. അത‌് സംസ‌്കരിച്ച‌് ശുദ്ധീകരിച്ച വെള്ളം ഓടയിലേക്ക‌് ഒഴുക്കും. മറ്റ‌് മാലിന്യങ്ങൾ ഞെളിയൻ പറമ്പിലെത്തിച്ച‌് ഖരമാലിന്യങ്ങൾക്കൊപ്പം സംസ‌്കരിക്കും. മലിനീകരണ നിയന്ത്രണ ബോർഡ‌ിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച‌് ശുദ്ധീകരിച്ച ശേഷമാണ‌്   വെള്ളം ഓടയിലേക്ക‌് മാറ്റുക. അഞ്ച‌് വർഷത്തെ നടത്തിപ്പിനായാണ‌്  ടെൻഡർ നൽകുക. ഒമ്പത‌് മാസത്തിനകം പ്ലാന്റ‌് സ്ഥാപിക്കും.  എംബിബിആർ (മൂവിങ‌് ബെഡ‌് ബയോ റിയാക്ടർ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ‌് പ്ലാന്റ‌് പ്രവർത്തിക്കുക.  90 കിലോമീറ്റർ ദൂരത്തിലാണ‌് ലൈൻ സ്ഥാപിക്കുന്നത‌്.   പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കി കുടിവെള്ള ശുചിത്വം ഉറപ്പാക്കാനായി കോർപറേഷൻ ആവശ്യപ്പെട്ടതനുസരിച്ചാണ‌് പദ്ധതിക്ക‌് അനുമതി ലഭിച്ചത‌്‌. ആവിക്കല്ലിൽ ഏഴ‌് എംഎൽഡിയും കോതിയിൽ ആറ‌് എംഎൽഡിയും ശേഷിയുള്ള പ്ലാന്റാണ‌് വരുന്നത‌്. നേരത്തെ സരോവരത്തിനടുത്ത‌് പ്ലാന്റ‌് തയ്യാറാക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും ചിലർ പ്രതിഷേധം ഉയർത്തിയപ്പോൾ  ഉപേക്ഷിക്കുകയായിരുന്നു‌.
പ്രധാന വാർത്തകൾ
 Top