17 August Saturday

ജില്ലയിൽ എൽഡിഎഫ‌് ആധിപത്യം

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019
കോഴിക്കോട‌്
ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കൊട്ടിയിറങ്ങിയപ്പോൾ ജില്ലയിൽ പ്രചാരണത്തിൽ മേൽക്കൈ നേടി എൽഡിഎഫ‌്. വടകരയിലും കോഴിക്കോട്ടും നേരത്തേ സ്ഥാനാർഥിയെ നിർണയിച്ച‌് തുടക്കം മുതലുള്ള ആധിപത്യം എൽഡിഎഫ‌് പ്രചാരണത്തിന്റെ അവസാനംവരെ നിലനിർത്തി. 
വടകരയിൽ എൽഡിഎഫ‌് സ്ഥാനാർഥി പര്യടനം തുടങ്ങുമ്പോൾ യുഡിഎഫിന‌് സ്ഥാനാർഥിയെ കണ്ടെത്താൻപോലും കഴിഞ്ഞിരുന്നില്ല. എത്രയോ നാളുകളിലെ അനിശ‌്ചിത്വത്തിനൊടുവിലാണ‌് വട്ടിയൂർക്കാവിൽനിന്ന‌് മുരളീധരനെ ഇവിടേക്ക‌് കെട്ടിയിറക്കിയത‌്. പി ജയരാജന്റെ കരുത്തിനെ നേരിടാൻ പറ്റിയ സ്ഥാനാർഥിയെ കണ്ടെത്താനായിരുന്നു ഈ കാലതാമസമെന്നായിരുന്നു യുഡിഎഫിന്റെ വിശദീകരണം. ഇതോടെ പി ജയരാജന്റെ കരുത്തിനെ യുഡിഎഫിന‌് തന്നെ സമ്മതിക്കേണ്ടിവന്നു.  
കോഴിക്കോട്ട‌് സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായി രാഘവൻ രംഗപ്രവേശനം നടത്തിയതിൽ കോൺഗ്രസിലെ ഒരുവിഭാഗത്തിന‌് കടുത്ത നീരസമുണ്ട‌്. ഇതിനിടയിലാണ‌് ഇടിത്തീയായി രാഘവനെതിരെ അഴിമതി ആരോപണമുയർന്നത‌്. ടിവി 9 ചാനൽ നടത്തിയ ഒളിക്യാമറയിൽ രാഘവൻ നടത്തിയ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ‌് ചട്ടങ്ങളുടെ ലംഘനമായി. രാഘവനെതിരെ കേസെടുക്കാമെന്ന‌് നിയമോപദേശവും ലഭിച്ചത‌്‌ യുഡിഎഫിനെ കുഴിയിൽ ചാടിച്ചു. രാഘവന്റെ പ്രവൃത്തിയെ ന്യായീകരിക്കാനാകാതെ കോൺഗ്രസ‌് സംസ്ഥാന നേതൃത്വത്തിനുപോലും മാധ്യമങ്ങൾക്കുമുന്നിൽനിന്ന‌് ഒളിച്ചോടേണ്ടിവന്നു.
 ഒളിക്യാമറാ സംഭവത്തെ വോട്ടർമാർക്കുമുന്നിൽ ന്യായീകരിക്കാനാവാതെ യുഡിഎഫ‌് വെള്ളം കുടിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയാണ‌് ഇതിന‌് പിന്നിലെന്നും ഇതിന‌് തെളിവ‌് ഹാജരാക്കുമെന്നും യുഡിഎഫ‌് പറഞ്ഞെങ്കിലും  ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞില്ല. പൊലീസ‌് അന്വേഷണത്തിലും സിപിഐ എമ്മിനെതിരെയുള്ള ഈ ആരോപണം തെറ്റാണെന്ന‌് തെളിഞ്ഞു.    
13 വർഷം കോഴിക്കോടിന്റെ എംഎൽഎ ആയതിന്റെ  വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച‌ാണ‌് പ്രദീപ‌്കുമാർ വോട്ടർമാരെ സമീപിച്ചത‌്. നടക്കാവ‌് സ‌്കൂൾ ഉൾപ്പെടെ നിരവധി  വിദ്യാലയങ്ങളെ   അന്താരാഷ‌്ട്ര നിലവാരത്തിൽ എത്തിച്ചതിലും ആശുപത്രി വികസനത്തിലും പ്രദീപിന്റെ കരങ്ങൾ വഹിച്ച പങ്ക‌് ഏവർക്കും അറിയാവുന്നതാണ‌്. ഇത‌് വോട്ടിൽ പ്രതിഫലിക്കുമെന്നാണ‌് എൽഡിഎഫിന്റെ പ്രതീക്ഷ. രണ്ട‌് തവണ കോഴിക്കോടിനെ പ്രതിനിധീകരിച്ചിട്ടും വികസനത്തിൽ പരാജയമായ   എംപിയെ തുറന്നുകാണിക്കാനും പാഴായ പത്ത‌് വർഷം ചൂണ്ടിക്കാട്ടാനും എൽഡിഎഫിന‌് സാധിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top