31 January Tuesday
സഹകരണ മേഖലയിൽ പുത്തൻ മാതൃക

ബഷീറിനെ കാണാം, വിശ്രമിക്കാം "ഫാം റോക്ക് ഗാർഡൻ ’

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

ഫാംറോക്ക് ഗാര്‍ഡന്‍ ആൻഡ് വൈക്കം മുഹമ്മദ് ബഷീര്‍ 
പാർക്കിലെ ബഷീർ പ്രതിമ

ഫറോക്ക് 
 മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന്‌ സൈഗാളിന്റെ സംഗീതം ആസ്വദിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ, അദ്ദേഹത്തിന്റെ   കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും പരിചയപ്പെടുത്തുന്ന ചുവർച്ചിത്രങ്ങൾ ചുറ്റും. രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയം, പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഒത്തുകൂടാൻ "വയലോരം’ കേന്ദ്രം. ഇങ്ങനെ  വൈവിധ്യമാർന്നതാണ് ഫറോക്ക് ചുങ്കത്ത്  ഫാറൂഖ്‌ കോളേജ് റോഡിന് സമീപത്തായി ഒരുക്കുന്ന "ഫാംറോക്ക് ഗാർഡൻ ആൻഡ് വൈക്കം മുഹമ്മദ് ബഷീർ പാർക്ക് ’. 
 കരുവൻതിരുത്തി സഹകരണ ബാങ്കും ഡോ. ഹൈമ ചാരിറ്റബിൾ ട്രസ്റ്റുമാണ്‌ ഈ പുത്തൻ സംരംഭത്തിന്‌ പിന്നിൽ. 
വിനോദസഞ്ചാരമേഖലയ്ക്ക് ഈടുവയ്പാകുന്ന സഹകരണ  സംരംഭം  28ന് വൈകിട്ട് അഞ്ചിന് സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും . മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും . വിവിധ പരിപാടികൾ നടത്താനും  വിനോദത്തിനും വിശ്രമത്തിനും സാഹിത്യ കലാസ്വാദനത്തിനുമെല്ലാം അവസരമുണ്ടിവിടെ.
 വണ്ടർഫാൾ(സിമ്മിങ്‌ പൂൾ ആൻഡ് വാട്ടർ ഫാൾ), ഫൺ ഫോർട്ട് ( കുട്ടികളുടെ പാർക്ക്), മീൻചട്ടി (മത്സ്യങ്ങളുടെ ക്യാമ്പസ്) എന്നിവയുമുണ്ട്‌.  ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് പദവിയുള്ള  കരുവൻതിരുത്തി  ബാങ്കിന്റെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണ്‌  ഈ നൂതന സംരംഭമെന്ന്‌ ബാങ്ക് ചെയർമാൻ കെ എം ബഷീർ പറഞ്ഞു.  പ്രാദേശിക ടൂറിസം വികസനം വേഗത്തിലാക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ബാങ്കിന്റെ ലക്ഷ്യം. മാധ്യമപ്രവർത്തകനായ എം ബാബുരാജ്,  ഭാര്യയുടെ സ്മരണാർഥം  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചതാണ്‌  ഡോ. ഹൈമ ചാരിറ്റബിൾ ട്രസ്റ്റ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top