കോഴിക്കോട്
മകളുടെ കൈകൾ പുതിയാപ്ലയുടെ കൈകളിലേക്ക് ചേർത്തു വയ്ക്കുമ്പോൾ മുഹമ്മദ് ഓർത്തത് പ്രളയത്തിൽ നന്മയായി ഒഴുകിയ സർക്കാരിനെക്കുറിച്ചായിരുന്നു. മഴ കൊണ്ടുപോയതെല്ലാം മുഹമ്മദിനും കുടുംബത്തിനും തിരിച്ചുനൽകിയത് സർക്കാരാണ്. പ്ലാസ്റ്റിക് ഷീറ്റിട്ട ഒറ്റമുറി വീട് കഴിഞ്ഞ പ്രളയത്തിൽ തകർന്നു. നിശ്ചയിച്ച് ഉറപ്പിച്ച മകളുടെ വിവാഹം മുടങ്ങുമെന്നായിരുന്നു ഭീതി. എന്നാൽ, അവർക്ക് സർക്കാർ തുണയായി. അതോടെ, ജൂൺ 16ന് മുഹമ്മദിന്റെ വീട്ടിൽ തന്നെ മകൾ സബീനയുടെ വിവാഹം നടന്നു. സർക്കാർ നൽകിയ നാലുലക്ഷം രൂപ കൊണ്ടായിരുന്നു വീട് നിർമാണം. പ്രളയത്തിൽ വീട് തകർന്നവർക്കുള്ള സാമ്പത്തികസഹായമാണ് മുഹമ്മദിന് തുണയായത്.
ആഗസ്തിലുണ്ടായ പ്രളയത്തിലാണ് താമരശേരി ചുങ്കം എളോത്ത് കണ്ടി മുഹമ്മദിന്റെ മൺകട്ടകൊണ്ടുണ്ടാക്കിയ വീട് തകർന്നത്. ഇതോടെ കോരങ്ങാട്ടുള്ള വാടകവീട്ടിലേക്ക് താമസം മാറി. മാസം 2000 രൂപ വാടക. ഇത് ദുരിതം ഇരട്ടിയാക്കി. ഇതിനിടെ വീട് തകർന്നവർക്ക് നൽകുന്ന തുക മുഹമ്മദിനും ലഭിച്ചു. അതോടെ,
അടച്ചുറപ്പുള്ള പുതിയ വീടൊരുങ്ങി.
ഏഴ് സെന്റ് ഭൂമിയിൽ പഴയ കൂരയുടെ സ്ഥാനത്ത് ഇന്ന് കാണുന്നത് മൂന്ന് കിടപ്പുമുറികളും അടുക്കളയുമുള്ള കോൺക്രീറ്റ് വീട്. സർക്കാർ നടപ്പാക്കിയ ദുരിതാശ്വാസ പുനർനിർമാണ പ്രവർത്തനങ്ങൾ അറിയിക്കാനായി ശനിയാഴ്ച താമരശേരിയിൽ സംഘടിപ്പിച്ച "ജനകീയം ഈ അതിജീവനം' എന്ന പരിപാടിയിലും സർക്കാരിന്റെ കരുതലിനെക്കുറിച്ച് മുഹമ്മദ് വാചാലനായി.
ലോഡിങ് തൊഴിലാളിയായിരുന്ന മുഹമ്മദിന് കടുത്ത ശ്വാസം മുട്ടലുള്ളതിനാൽ ജോലിക്ക് പോകാൻ കഴിയുന്നില്ല. അടുത്തിടെ വയറിന് ശസ്ത്രക്രിയയും നടത്തി. മരുന്നിനുതന്നെ നല്ലൊരു തുക വേണം. ഭാര്യ സുബൈദയുടെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഇവർക്ക് മൂന്നു പെൺകുട്ടികളും ഒരാൺകുട്ടിയുമാണ്. വീടിന്റെ തേപ്പും നിലത്തിന്റെ പണിയും പൂർത്തിയാവാനുണ്ട്.