30 May Saturday

ജുമാ നിസ്‌കാരം വീട്ടിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കോഴിക്കോട്‌
മാനാഞ്ചിറയ്‌ക്ക്‌ സമീപമുള്ള പട്ടാളപ്പള്ളിയുടെ അടഞ്ഞുകിടക്കുന്ന ഗേറ്റിന്‌ മുന്നിൽ ഒരു ബോർഡുണ്ടായിരുന്നു–- ‘പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ ഇനിയൊരു അറിയിപ്പുണ്ടാകും വരെ പള്ളി അടച്ചിട്ടു’. 
 കോവിഡ്‌ ജാഗ്രത തുടരുന്ന പശ്ചാത്തലത്തിലാണ്‌ പ്രധാന മസ്‌ജിദുകളെല്ലാം അടച്ചിട്ടത്‌. തിരക്ക്‌ നിറയുന്ന വെള്ളിയാഴ്‌ചയിലെ ജുമാ നിസ്‌കാരം മിക്കയിടത്തും നടന്നില്ല. 
വീട്ടിൽ നിസ്‌കാരം നടത്തി പ്രതിരോധ പ്രവർത്തനങ്ങളോട്‌ സജീവമാകാൻ പള്ളി ഇമാമുമാർ വിശ്വാസികൾക്ക്‌ നിർദേശം നൽകിയിരുന്നു. ഇതെല്ലാവരും പാലിച്ചു. കോഴിക്കോട്‌ നഗരത്തിലെ പ്രധാന മസ്‌ജിദുകളായ പാളയം മൊയ്‌തീൻ പള്ളി, മാവൂർ റോഡിലെ ലുലു മസ്‌ജിദ്‌, മിഠായി തെരുവിലെ ലിവാവുൽ ഇസ്ലാം പള്ളി, സിവിൽ സ്‌റ്റേഷന്‌ സമീപത്തെ ഇസ്ലാമിക്‌ സെന്റർ ജുമാ മസ്‌ജിദ്‌, കുറ്റിച്ചിറ മിശ്‌കാൽ പള്ളി, മർക്കസ്‌ പള്ളി തുടങ്ങിയവയെല്ലാം നിസ്‌കാരം ഒഴിവാക്കി. ഗ്രാമീണ മേഖലയിലും പള്ളികൾ അടച്ചിട്ടു. 
ചേന്നമംഗല്ലൂർ മഹല്ല്‌ കമ്മിറ്റി കൂടിയാണ്‌ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ നിസ്‌കാരം ഒഴിവാക്കാൻ തീരുമാനിച്ചത്‌. നരിക്കുനി, കാരക്കുന്നത്ത്‌, നന്മണ്ട, പാലത്ത്‌ തുടങ്ങി ബഹുഭൂരിഭാഗം പള്ളികളും മഹാമാരിയെ അതിജീവിക്കാനായി അടച്ചിട്ടു.
ചുരുക്കം ചിലയിടങ്ങളിലാണ്‌ വെള്ളിയാഴ്‌ച ജുമാ നിസ്‌കാരം നടന്നത്‌. അതീവ ജാഗ്രതയോടെയായിരുന്നു  ഇവിടങ്ങളിലും  പ്രാർഥനാ ചടങ്ങുകൾ നടത്തിയത്‌.
പ്രധാന വാർത്തകൾ
 Top