29 May Sunday
ടിപിആർ 42.7%

4016 പേർക്ക്‌...വേണം കൂടുതൽ കരുതൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന എജ്യൂഗാർഡ് വാക്സിനേഷൻ യജ്ഞത്തിൽ നിന്ന്

കോഴിക്കോട്‌
സമ്പർക്കത്തിലൂടെ പോസിറ്റീവായ 3,938 പേരുൾപ്പെടെ 4016 കോവിഡ്‌ കേസുകൾ കൂടി ജില്ലയിൽ റിപ്പോർട്ട്‌ ചെയ്‌തു. ഉറവിടമറിയാത്ത 36, സംസ്ഥാനത്തിന് പുറത്തു നിന്നുള്ള  37, അഞ്ച്‌ ആരോഗ്യ പ്രവർത്തകർ എന്നിവരാണ്‌ പട്ടികയിലുള്ളത്‌. 9602 പേരെ പരിശോധനയ്‌ക്ക് വിധേയരാക്കിയപ്പോൾ 42.7 ശതമാനമാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. ചികിത്സയിലുണ്ടായിരുന്ന 872 പേർ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ച് 19,710 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3728 പേരുൾപ്പെടെ 22,579 പേർ നിരീക്ഷണത്തിലുണ്ട്. 12,20,460 പേർ നിരീക്ഷണം പൂർത്തിയാക്കി. 4596 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമുണ്ടായത്‌.

കോവിഡിന്‌ ശേഷം നേത്രരോഗികളിൽ വർധന

സ്വന്തം ലേഖകൻ
കോഴിക്കോട്‌
കോവിഡ്‌ ബാധയ്‌ക്ക്‌ ശേഷം കാഴ്‌ചക്കുറവ്‌ അനുഭവപ്പെടുന്നവരുടെ എണ്ണത്തിൽ വർധന. രണ്ട്‌ തരത്തിലാണ്‌ കോവിഡ്‌ കാഴചയുടെ വില്ലനായി മാറുന്നതെന്ന്‌ ആരോഗ്യ രംഗത്തെ പ്രമുഖരുടെ നിരീക്ഷണം. കൊറോണ വൈറസ്‌ കണ്ണിലെ നേരിയ ഞരമ്പുകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതിനെ തുടർന്നുള്ള അസുഖവും ഓൺലൈൻ ഉപകരണങ്ങളുടെ അമിതമായ ഉപയോഗവുംമൂലം കണ്ണിന്‌ വിശ്രമം ലഭിക്കാത്തതിനെ തുടർന്നുള്ള പ്രയാസങ്ങളും കാഴ്ചയെ ബാധിക്കുന്നുണ്ട്‌. 
ഇരുപത്‌ ശതമാനത്തിലധികമാണ്‌ കോവിഡ്‌ ബാധച്ചവരിലെ കാഴ്ച പ്രശനങ്ങൾ. സർക്കാർ–- സ്വകാര്യ നേത്രരോഗാശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്‌. പൊതുവെ യുവാക്കളിൽ കോവിഡ്‌ ബാധിക്കുന്ന ദിവസങ്ങളിൽ കണ്ണിൽ ചൊറിച്ചിൽ, ചുവപ്പ്‌നിറം വ്യാപിക്കൽ എന്നിവ ഉണ്ടാകാറുണ്ട്‌. ഇത്‌ ഗുരുതരമാവാറില്ല. എന്നാൽ പ്രായമായവരിലും പ്രമേഹരോഗികളിലും പലപ്പോഴും  വൈറസ്‌ ബാധ അണുബാധയ്‌ക്കിടയാക്കുന്നുണ്ട്‌. 2019ൽ ചെങ്കണ്ണ്‌ പോലുള്ള അവസ്ഥ കോവിഡിന്റെ ലക്ഷണമാകാമെന്ന്‌ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നൽകിയിരുന്നു. ചൈനയിൽ ഇത്തരം ലക്ഷണമുള്ളവർക്ക്‌ നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. 
കോവിഡ്‌ വന്ന ശേഷം കണ്ണിൽ അണുബാധയും ചൊറിച്ചിലുമായി നിരവധി പേർ ചികിത്സക്കെത്താറുണ്ടെന്നും കോവിഡാനന്തര ദോഷമായിട്ടാണ്‌ ഇത്തരം  അസുഖങ്ങളുണ്ടാകുന്നതെന്നും കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ നേത്രവിഭാഗം മേധാവി ഡോ. അരുൺ പറഞ്ഞു. 
കൃത്യമായി മരുന്നു കഴിക്കുന്നതോടെ കോവിഡ്‌ ബാധയ്ക്ക്‌ ശേഷമുണ്ടാകുന്ന കാഴ്‌ച സംബന്ധമായ പ്രശനങ്ങൾ 90 ശതമാനവും പരിഹരിക്കാനാവുമെന്നും  ഇതിനായുള്ള ചികിത്സ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ലഭ്യമാണെന്നും ഡോ. അരുൺ പറഞ്ഞു. 
പ്രധാനമായും ഇലക്ട്രോണിക്സ്‌ മാധ്യമങ്ങളുടെ ഉപയോഗം മൂലമുള്ള നേത്ര രോഗമാണ്‌ വർധിച്ചതെന്ന്‌ ജില്ലാ ജനറൽ ആശുപത്രിയിലെ നേത്രരോഗ വിഭാഗം മേധാവി ഡോ. വിജയൻ പറഞ്ഞു. കുട്ടികളിലെ കണ്ണടയുടെ ഉപയോഗം വർധിച്ചിട്ടുണ്ട്‌. കണ്ണട ഉപയോഗിക്കുന്നവരുടെ ലെൻസിന്റെ പവർ വർധിപ്പിക്കേണ്ട സ്ഥിതിയും വ്യാപകമായി കൂടി. 60 പിന്നിട്ടവരിലാണ്‌ കോവിഡിനെ തുടർന്നുള്ള  ഞരമ്പുകളിൽ തടസമുണ്ടായി കാഴ്‌ച കുറയുന്ന അവസ്ഥയുള്ളതെന്നും ഡോ. വിജയൻ പറഞ്ഞു.
 
 
കോവിഡ്‌ മൂന്നാം തരംഗം:   
കുട്ടികളിൽ തീവ്രത കുറവ്‌
സ്വന്തം ലേഖിക
കോഴിക്കോട്‌
കോവിഡ്‌   ശക്തിപ്രാപിക്കുമ്പോഴും കുട്ടികളിൽ വലിയ രീതിയിൽ രോഗ വ്യാപനം  തീവ്രമാകുന്നില്ലെന്നത്‌ ആശ്വാസമാകുന്നു.  പ്രതിദിന രോഗ കണക്കുകൾ കുത്തനെ കുതിക്കുമ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനയില്ല. 
ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കിടത്തി ചികിത്സയിൽ 19 കുട്ടികളാണുള്ളത്‌.  വ്യാപനത്തിൽ വലിയ കുറവുണ്ടായ കാലയളവിനേക്കാൾ മൂന്ന്‌ മുതൽ നാല്‌ ശതമാനം വരെ മാത്രമേ  ചികിത്സ തേടിയവരിൽ വർധന ഉണ്ടായിട്ടുള്ളൂവെന്ന്‌  ഐഎംസിച്ച്‌(ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെറ്റേണൽ ആൻഡ്‌ ചൈൽഡ്‌ ഹെൽത്ത്‌) സൂപ്രണ്ട്‌ ഡോ. ശ്രീകുമാർ പറയുന്നു.  പ്രതിദിന രോഗ കണക്കുകൾ പരിഗണിക്കുമ്പോൾ പ്രതീക്ഷിക്കുന്ന ഒരു വർധനയും പ്രത്യാഘാതങ്ങളും നിലവിൽ  കുട്ടികളിലുണ്ടാവുന്നില്ലെന്നത്‌ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. 
മൂന്നാം തരംഗം കുട്ടികളിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ നേരത്തെ  വാദങ്ങളുയർന്നിരുന്നു. ഏത്‌ സാഹചര്യത്തെയും നേരിടാനായി മെഡിക്കൽ കോളേജിൽ കുട്ടികളുടെ വിഭാഗത്തിൽ ഐസിയു, വെന്റിലേറ്റർ അടക്കം  വലിയ രീതിയിൽ സംവിധാനങ്ങളും സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്‌. എന്നാൽ ഒരു പ്രതിസന്ധി ഘട്ടത്തിലേക്ക്‌ പോകുന്ന സാഹചര്യം നിലവിൽ ജില്ലയിൽ ഇല്ലെന്നാണ്‌ നിഗമനം. 
കോവിഡിന്‌ ശേഷം കുട്ടികളിലുണ്ടാവുന്ന മിസ്‌ക്‌(മൾട്ടിസിസ്‌റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം ഇൻ ചിൽഡ്രൻ) ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായിട്ടില്ല. മൂന്ന്‌ പേരാണ്‌ ചികിത്സയിൽ ഉള്ളത്‌. രണ്ടാം തരംഗ ശേഷം ഏതാണ്ട്‌ ഇതേ രീതിയിലാണ്‌ ചികിത്സ തേടുന്നവരുടെ എണ്ണം മുന്നോട്ട്‌ പോകുന്നതെന്ന്‌ ശിശുരോഗ വിഭാഗം തലവൻ ഡോ. അജിത്കുമാർ പറഞ്ഞു.  കോവിഡ്‌ ബാധിച്ച്‌ വിദഗ്‌ധ ചികിത്സ വേണ്ട ‘സി’ കാറ്റഗറിയിലുള്ള കുട്ടികളെയാണ്‌ ഐഎംസിഎച്ചിൽ പ്രവേശിപ്പിക്കുക. എന്നാൽ ‘എ’ , ‘ബി’ കാറ്റഗറിയിലുള്ളവരും നേരിട്ട്‌ മെഡിക്കൽ കോളേജിൽ വരികയോ, മറ്റ്‌ ആശുപത്രികളിൽ നിന്ന്‌ റഫർ ചെയ്യുകയോ ചെയ്യുന്നത്‌ കോവിഡ്‌ സാഹചര്യത്തിൽ തിരക്ക്‌ അനാവശ്യമായി കൂട്ടുന്നുണ്ട്‌. ഡോക്ടർമാരടക്കമുള്ളവർ രോഗബാധിതരാവുന്നതിനാൽ പ്രത്യേക പരിചരണം വേണ്ട കുട്ടികൾക്ക്‌  ഇത്‌ ലഭ്യമാകുന്നതിൽ കാലതാമസമുണ്ടാക്കാനും തിരക്ക്‌ കാരണമായേക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top