20 November Wednesday

അതിജീവിക്കാന്‍ കക്കാടംപൊയിലുകാർ രാപ്പകൽ സമരം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

 

മുക്കം
കാർഷികമേഖല പൂർണമായും തകർന്ന കിഴക്കൻ മലയോരമേഖലയായ കുടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ ഗ്രാമവാസികൾ അതിജീവന പോരാട്ടത്തിൽ. പ്രദേശത്തെ വിനോദ സഞ്ചാര സാധ്യതകൾ നിലനിർത്തുക, കപട പരിസ്ഥിതിവാദം തള്ളിക്കളയുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച കൂടരഞ്ഞി വില്ലേജ് ഓഫീസിന് മുന്നിൽ സർവകക്ഷി നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തും. രാവിലെ പത്തിന് ജോർജ് എം തോമസ് എംഎൽഎ ഉദ്ഘാടനംചെയ്യും. 
പ്രകൃതിക്ക് ദോഷമില്ലാതെ വിവിധ സംരംഭകർ കൊണ്ടുവന്ന ടൂറിസം സ്ഥാപനങ്ങളിൽ ജോലിചെയ്ത് നൂറുകണക്കിന് കുടുംബങ്ങളാണ് ജീവിക്കുന്നത്. വിനോദ സഞ്ചാര മേഖലയിലെ ഉണർവ് കണ്ട് നിരവധി കച്ചവട സ്ഥാപനങ്ങളാണ് ഗ്രാമത്തിൽ തുറന്നത്. എന്നാൽ, കപട പരിസ്ഥിതിവാദമുന്നയിച്ച്  ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്‌ത്തുന്ന സമീപനമാണ് ചിലർ സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍‌ പറയുന്നു. ഗ്രാമത്തെ ടൂറിസം വില്ലേജായി പ്രഖ്യാപിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. 
കാര്യങ്ങൾ പഠിക്കാതെ ചില ഉദ്യോഗസ്ഥർ അവാസ്തവ റിപ്പോർട്ട് തയാറാക്കി കപട പരിസ്ഥിതിവാദികളെ സഹായിക്കുകയാണ്. ഞങ്ങള്‍ പരിസ്ഥിതിയെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്. എന്നാൽ രാഷ്ട്രീയ പകപോക്കലിനും പ്രശസ്തിക്കുംവേണ്ടി ഉയർത്തുന്ന കപട പരിസ്ഥിതിവാദത്തെ അംഗീകരിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top