കോഴിക്കോട്
ഒരാഴ്ചയോളം താണ്ഡവമാടിയ മഴയുടെ ശക്തി കുറഞ്ഞതോടെ എങ്ങും ആശ്വാസത്തിന്റെ നെടുവീർപ്പ്. വെള്ളം വലിഞ്ഞതോടെ ക്യാമ്പുകളിൽ കഴിഞ്ഞ പകുതിയോളം പേർ വീടുകളിലേക്ക് തിരിച്ചുതുടങ്ങി. ജില്ലയിൽ 303 ക്യാമ്പുകളുണ്ടായിരുന്നത് 150 ആയി കുറഞ്ഞു. 7369 കുടുംബങ്ങളിൽനിന്ന് 23060 പേരാണിപ്പോൾ ക്യാമ്പിലുള്ളത്.
കഴിഞ്ഞ ദിവസംവരെ 303 ക്യാമ്പുകളിലായി 44328 പേരാണ് (13700 കുടുംബങ്ങൾ) ഉണ്ടായിരുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പകുതിയോളം ക്യാമ്പുകൾ ഞായറാഴ്ച ഉച്ചഭക്ഷണത്തോടെ പിരിച്ചുവിട്ടു. കോഴിക്കോട് താലൂക്കിലെ 85 ക്യാമ്പുകളിൽ 4766 കുടുംബങ്ങളിലെ 14272 പേരാണുള്ളത്.
കൊയിലാണ്ടി താലൂക്കിൽ 36 ക്യാമ്പുകളിലായി 4612 പേരും വടകര 15 ക്യാമ്പുകളിൽ 454 കുടുംബങ്ങളിലെ 1570 പേരും താമരശ്ശേരി താലൂക്കിലെ 14 ക്യാമ്പുകളിൽ 794 കുടുംബങ്ങളിലെ 2606 പേരും കഴിയുന്നു. വീടുകളിലേക്ക് മടങ്ങുന്നവർക്ക് അവശ്യസാധനങ്ങളുൾപ്പെടുന്ന കിറ്റും വിതരണം ചെയ്തു. ചളിയും മാലിന്യവും നിറഞ്ഞ വീട് വൃത്തിയാക്കാനുള്ള സാധനങ്ങളും ഉപകരണങ്ങളും, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം, വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങിയവ ഇതിൽപ്പെടും. വീടുകളില്‍ തിരിച്ചെത്തുമ്പോള്‍ പാലിക്കേണ്ട ജാഗ്രതാ നിര്‍ദേശങ്ങളും നല്കി.
തിരിച്ചുപോവുന്നതിന്റെ സന്തോഷമുണ്ടെങ്കിലും മലീമസമായ വീടും നശിച്ച വീട്ടുപകരണങ്ങളും എങ്ങനെ തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ക്യാമ്പിൽ നിന്നുകൊണ്ട് സന്നദ്ധ പ്രവർത്തകരുടെയും മറ്റും കൂട്ടായ്മയിൽ വീട് വൃത്തിയാക്കിയവരുമുണ്ട്.
അതേസമയം ജില്ലയിൽ മഴയുടെ ശക്തി തീരെ കുറഞ്ഞിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചെറിയ മഴ കിട്ടി. മൊത്തത്തിൽ 11.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. സർക്കാരിന്റെയും സന്നദ്ധപ്രവർത്തകരുടെയും വ്യക്തികളുടെയും കൂട്ടായ്മയിൽ മികച്ച സേവനമാണ് ജനങ്ങൾക്ക് ക്യാമ്പുകളിൽ കിട്ടിയത്.