17 October Thursday
നിപാ വാർഡിൽ ജോലിചെയ‌്തവർക്ക‌് സ്ഥിരം ജോലി നൽകും

സ്ഥിരപ്പെടുത്തിയെന്നത‌് വ്യാജപ്രചാരണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
കോഴിക്കോട്
നിപാ വാർഡിൽ ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ സമരത്തെ തുടർന്ന് സ്ഥിരപ്പെടുത്തി എന്ന നിലയിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആശുപത്രി അധികൃതർ പ്രസ‌്താവനയിൽ അറിയിച്ചു. 
സിഐടിയു നേതൃത്വത്തിൽ കഴിഞ്ഞ മാർച്ചിലെ 14 ദിവസത്തെ നിരാഹാര സമരത്തെ തുടർന്ന‌് ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം നടത്തിയ ചർച്ചയിൽ തൊഴിലാളികൾക്ക് തുടർച്ചയായ ജോലി ലഭ്യമാക്കുമെന്ന ഉറപ്പ് നൽകിയിരുന്നു. 
ഇതിലേക്കായി ജൂൺ ഒന്നുവരെ ജോലി ചെയ്ത 42 പേരെ പരിഗണിച്ചു. ഇവരെ ശുചീകരണ വിഭാഗമുൾപ്പടെ മൂന്നുമാസത്തെ താൽക്കാലിക ഒഴിവുകളിൽ കൂടിക്കാഴ്ച ഇല്ലാതെ നിയമിച്ച് മൂന്നുമാസം കഴിയുമ്പോൾ രണ്ട് ദിവസം ബ്രേക്ക് നൽകി വീണ്ടും നിയമിക്കുമെന്നായിരുന്നു  ഉറപ്പ്. - ഇവരെ തിരിച്ചറിയാനായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ,  സൂപ്രണ്ട് എന്നിവർ ഒപ്പിട്ട സർട്ടിഫിക്കറ്റും നൽകി. 
മന്ത്രിയുടെ നിർദേശപ്രകാരം നാഷണൽ ഹെൽത്ത് മിഷന്റെ ആരോഗ്യ പ്രവർത്തനത്തിന് ഇവരെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. ലഘുലേഖകൾ വീടുകളിൽ എത്തിച്ചുനൽകി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ദിവസം 350 രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത് 500 ആക്കി  വർധിപ്പിക്കാൻ ചർച്ച നടക്കുന്ന അവസരത്തിലാണ് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ സമരമാരംഭിച്ചത്.
 ജൂൺ ഒന്നു വരെ നിപാ കാലമായി കണക്കാക്കി 42 പേരെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. ഒന്നോ രണ്ടോ ദിവസം മാത്രം പണിയെടുത്തവർ തങ്ങളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നു. ഇവരെ മുന്നിൽ നിർത്തിയായിരുന്നു യുഡിഎഫ് സമരം. സമരത്തിലൂടെ ജോലി സ്ഥിരപ്പെടുത്താമെന്ന് പറഞ്ഞ് ഏതാനും ചിലരെക്കൂടി കൂട്ടി നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. വി എം സുധീരൻ ഉൾപ്പെടെയുള്ള നേതാക്കളെത്തി സമരം കൊഴുപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയിൽ നേരത്തെ നൽകിയ തുടർച്ചയായ ജോലി എന്ന ഉറപ്പ് വീണ്ടും നൽകി.
അതോടൊപ്പം നിപാ കാലയളവ് ജൂൺ 16 വരെ നീട്ടി അഞ്ചു പേരെ കൂടി പുതുതായി ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇത് മാധ്യമങ്ങളോട് തൊഴിലാളികളെ ജോലിയിൽ സ്ഥിരപ്പെടുത്തി എന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്ന‌് അധികൃതർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top