21 February Thursday
വി ടി മുരളിയുടെ പാട്ടുജീവിതത്തിന്റെ 50 വർഷങ്ങൾ ‘നീ പാടും പൂമരം’

അനശ്വരഗാനങ്ങൾ കോർത്തിണക്കി ഗാനസന്ധ്യ

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019
വടകര
ഓത്തുപള്ളിക്കാലത്തിന്റെ ചുനയൂറും പാട്ടുകളും പ്രണയവും വിരഹവും പ്രതീക്ഷയും നെഞ്ചേറ്റുന്ന മലയാളിക്ക്‌ മറക്കാനാവാത്ത പാട്ടുകളുടെയും സംഗീതപ്രേമികളുടേയും ഒത്തുചേരലായി ‘നീ പാടും പൂമരം’ എഫാസ്‌ സാംസ്‌കാരിക വിരുന്നിലെ ഗാനസന്ധ്യ. അദ്വൈതം ജനിച്ച നാട്ടിൽ എന്ന അനശ്വര ഗാനം ചെങ്ങന്നൂർ ശ്രീകുമാർ ആലപിച്ചുകൊണ്ടായായിരുന്നു ഗാനസന്ധ്യയുടെ തുടക്കം. ഗാനസന്ധ്യക്ക്‌ മുന്നോടിയായി നടന്ന സാംസ്‌കാരിക സദസ്സിൽ ഹരിപ്പാട്‌ കെ പി എൻ പിള്ള, വിദ്യാധരൻ മാസ്‌റ്റർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.വി ടി മുരളിക്ക‌് സംഗീതലോകത്ത്‌ ചിരപ്രതിഷ്‌ഠ നേടിക്കൊടുത്ത ‘ഓത്തുപള്ളി’ എന്നുതുടങ്ങുന്ന ഗാനം ആലാപന മികവ്‌ ചോരാതെ മുരളി ഒരിക്കൽക്കൂടി ടൗൺഹാളിൽ പാടിയപ്പോൾ തേൻ തുള്ളി എന്ന സിനിമയുടെ ഓത്തുപള്ളികാലം ശ്രോതാക്കളുടെ ഓർമയിൽ വിരിഞ്ഞു. 
ഓളവും തീരവും സിനിമയിൽ പി ഭാസ്‌കരൻ ബാബുരാജ്‌ കുട്ടുകെട്ടിൽ പിറന്ന ‘മണിമാരൻ തന്നത്‌ പണമല്ല പൊന്നല്ല’  മധുര കിനാവിന്റെ കരമ്പിൻ തോട്ടം എന്ന പാട്ട്‌ വി ടി മുരളിയും ശ്രീലതയും ആലപിച്ചു. 
അജയ്‌ ഗോപാൽ, ശ്രീലത രതീഷ്‌, ഭാനുപ്രകാശ്‌, തോമസ്‌ തിരുവല്ല, നമ്രത, സിന്ധു പ്രേം കുമാർ  തുടങ്ങിയവരുടെ ആലാപനനവും ആസ്വാദക ഹൃദയം കീഴടക്കി.  ‘അഗാത നീലിമയിൽ അപാര ശൂന്യതയിൽ’  എന്ന വയലാർ–-ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ഗാനം തോമസ‌് തിരുവല്ല പാടി. 
വടകര കൃഷ്‌ണദാസിന്‌ ആദരവ്‌ അർപ്പിച്ച്‌ ജയൻ നാരായണ നഗരം ‘കാളവണ്ടി ഇത്‌ കാളവണ്ടി’ എന്ന ഗാനം ആലപിച്ചപ്പോൾ നിറഞ്ഞ കൈയ്യടിയായിരുന്നു. മലയാളിയുടെ സംഗീത ഭാവുകത്വത്തിന്‌ നിറംപകർന്ന ‘ചൊട്ടമുതൽ ചുടലവരെ’, ‘അദ്വൈതം ജനിച്ച നാട്ടിൽ’, ‘സ്വർഗ ഗായികെ ഇതിലെ ഇതിലെ’, ‘രാജശിൽപ്പി നീ എനിക്കൊരു പൂജാ വിഗ്രഹം തരുമോ’, ‘നിശീഥിനി’, ‘പയോധിയിൽ’, ‘മഞ്ഞണി പൂനിലാവിൽ’ തുടങ്ങിയ പഴയ പാട്ടുകളുടെ ആലാപനം ഹൃദ്യമായി. 
വി ടി മുരളിയുടെ സംഗീത ജീവിതത്തിന്റെ വഴികളിലെ സുഹൃത്തുക്കളുടെയും ശിഷ്യരുടേയും സംഗീത സംഗമവേദിയായി ഗാനസന്ധ്യ മാറി. സബർമതി ഓസ്‌കസ്‌ട്രയുടെ ബാനറിലാണ്‌ ഗാനമേള ഒരുക്കിയത്‌.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top