ബാലുശേരി
റോഡിനപ്പുറം സ്കൂളിന്റെ പുതിയ ബഹുനില കെട്ടിടത്തിലേക്ക് നോക്കുമ്പോൾ മജീദ് മാക്കാരിയുടെ മനസ്സിലുണ്ട് –- ഓടിളകിയ കെട്ടിടവും ചോർന്നൊലിക്കുന്ന ക്ലാസ് മുറികളും. അത്യാധുനിക സൗകര്യങ്ങളോടെ തിളങ്ങിനിൽക്കുകയാണ് ഇന്ന് സ്കൂൾ. തങ്ങൾ പഠിച്ചുവളർന്ന നടുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ വളർച്ച വീടിന്റെ ഉമ്മറത്തിരുന്ന് കാണുകയാണ് റിട്ട. മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടറായ മജീദും കുടുംബവും.
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് 1912ൽ ആരംഭിച്ച ലോവർ എലിമെന്ററി സ്കൂളാണ് പിന്നീട് ഹയർ സെക്കൻഡറിയായി ഉയർന്നത്. സ്വാതന്ത്ര്യസമരത്തിൽ നടുവണ്ണൂർ രജിസ്ട്രാർ ഓഫീസിന് തീവച്ച പോരാളികള നേരിടാൻവന്ന ബ്രിട്ടീഷ് പട്ടാളം താമസിച്ചത് ഈ സ്കൂളിലായിരുന്നു എന്നതും ചരിത്രം.
ബ്രിട്ടീഷ്കാലത്ത് നിർമിച്ച സ്കൂളിന്റെ മുഖമാകെ മാറി. അഞ്ച് കോടി രൂപ ചെലവിട്ടാണ് എൽഡിഎഫ് സർക്കാർ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കിയത്. ഇതിനുപുറമെ 2.9 കോടിരൂപയുടെ വികസന പ്രവർത്തനങ്ങളും നാലര വർഷത്തിനിടെ സ്കൂളിൽ നടന്നു. പുരുഷൻ കടലുണ്ടി എംഎൽഎയുടെ ഫണ്ടും ജില്ലാപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചായിരുന്നു ഇത്. കൂടാതെ 40 ലക്ഷംരൂപ ചെലവിൽ സ്ത്രീ സൗഹൃദ ശുചിമുറികളും പണിതു. സൗകര്യങ്ങൾ വർധിച്ചതോടെ സ്കൂളിലേക്ക് കുട്ടികളുടെ ഒഴുക്കാണ്.
മജീദിന്റെ മക്കളായ നജ്ബിനും ഫാത്തിമ റിഷയും മിന്ന ഷെറിനും പഠിച്ചതും ഇതേ സ്കൂളിലാണ്. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണം കുട്ടികളുടെ ഭാഗ്യമാണെന്നാണ് ബിടെക്കുകാരിയായ ഫാത്തിമ റിഷയുടെ അഭിപ്രായം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..