25 July Sunday

മാനാഞ്ചിറ–-- വെള്ളിമാടുകുന്ന് റോഡ്‌ വികസനം സ്ഥലമേറ്റെടുക്കൽ 
ഉടന്‍ പൂര്‍ത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

 കോഴിക്കോട്‌

മാനാഞ്ചിറ–-- വെള്ളിമാടുകുന്ന് റോഡ്‌ വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കൽ ഉടൻ പൂർത്തിയാക്കുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അറിയിച്ചു. റോഡ്‌ വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ അദ്ദേഹം കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു.  8.4 കിലോമീറ്റർ നീളത്തിലും 24 മീറ്റർ വീതിയിലും നിർമിക്കുന്ന നിർദിഷ്ട റോഡിനായി 7.4078 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 3.9457 ഹെക്ടർ ഭൂമി പരസ്പരാലോചനപ്രകാരം ഏറ്റെടുത്തു. ശേഷിക്കുന്ന 3.4621 ഹെക്ടർ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കും. ഭൂമി വിട്ടുനൽകിയവർക്ക് വിതരണംചെയ്യുന്നതിന് സംസ്ഥാന സർക്കാർ അനുവദിച്ച 210 കോടിരൂപയിൽ 163 കോടിരൂപ കക്ഷികൾക്ക് നൽകി. ശേഷിക്കുന്നവയുടെ ആധാരം സർക്കാരിൽ രജിസ്റ്റർചെയ്യാൻ ജില്ലാ ഗവ.പ്ലീഡറെ അയച്ചിരിക്കയാണ്. ഒരുമാസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ശേഷിക്കുന്ന തുകയും വിതരണംചെയ്യും.  നടക്കാവ് മേഖലയിലെ കച്ചവടക്കാരുടെ കൈവശമുള്ളതും വിവിധ കോടതി കേസുകളിൽ ഉൾപ്പെട്ടതും വിദ്യാഭ്യാസ വകുപ്പിന്റെയും വാട്ടർ അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും കൈവശമുള്ളതുമായ സ്ഥലങ്ങളാണ് പ്രധാനമായും വിട്ടുകിട്ടാൻ ശേഷിക്കുന്നത്. നടക്കാവ് പഴയ എൽപി സ്‌കൂൾ കെട്ടിടം, സിവിൽ സ്റ്റേഷൻ വാട്ടർ ടാങ്ക്, എൻജിഒ ക്വാർട്ടേഴ്‌സ് വാട്ടർ ടാങ്ക്, മലാപ്പറമ്പിലെ വാട്ടർ ടാങ്ക് എന്നിവ പൊളിച്ചുനീക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശംനൽകി. ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ 155 കോടി രൂപ അനുവദിക്കുന്നതിന് സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുമെന്നും  എംഎൽഎ അറിയിച്ചു.  
കലക്ടർ സാംബശിവ റാവു അധ്യക്ഷനായി.  ഡെപ്യൂട്ടി കലക്ടർ എൻ റംല,   സിറ്റി റോഡ് വികസന പദ്ധതി ലാൻഡ് അക്വിസിഷൻ സ്‌പെഷ്യൽ തഹസിൽദാർ കെ ഷറീന, കോ ഓർഡിനേറ്റർ കെ പി കോയമോൻ, വാല്വേഷൻ അസിസ്റ്റന്റ് പി കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top