06 July Monday

പ്രകൃതിദുരന്തം നേരിടാൻ ദ്രുതപ്രതികരണ സംഘം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
കോഴിക്കോട‌്
 ദുരന്തമുഖത്ത‌് അതിവേഗം നടപടിയെടുക്കുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാ, താലൂക്ക് തലത്തിൽ ദ്രുതപ്രതികരണ സംഘം (ഇൻസിഡന്റ് റസ്‌പോൺസ്  ടീം) രൂപീകരിച്ചു മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലാണ‌് സമിതി രൂപീകരിച്ചത‌്.  കലക്ടർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ, അസി. ഡെവലപ്മെന്റ്  കമീഷണർ, പൊലീസ്, ഗതാഗതം, ഫയർഫോഴ്സ്, ആരോഗ്യം, വിവര പൊതുജനസമ്പർക്കം, ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ജില്ലാതല സംഘത്തിലുള്ളത്.
ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർ, ബിഡിഒ, പൊലീസ്, ഗതാഗതം, ആരോഗ്യം, ഫയർഫോഴ്സ്, റവന്യു തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ്  താലൂക്കുതല ദ്രുതപ്രതികരണ സംഘത്തിലുണ്ടാവുക.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എല്ലാ വകുപ്പിൽനിന്നും ഒരു നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്.  അപകടങ്ങൾ ഉണ്ടായാൽ വകുപ്പുകൾ ഏകോപിപ്പിച്ച് അവശ്യസമയത്ത് സുരക്ഷയും സഹായവും ജനങ്ങളിൽ എത്തിക്കുന്നതിന് ഇത‌് എളുപ്പമാകും.  മഴക്കാലത്തുണ്ടായേക്കാവുന്ന അപകടങ്ങൾ കണക്കിലെടുത്ത് സ്വകാര്യഭൂമിയിലുളള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റണം.
നിർദേശം അനുസരിക്കാത്തപക്ഷം    മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ അവരവർ  ബാധ്യസ്ഥരാണ‌്. കൂടാതെ പരസ്യ ഹോർഡിങ്ങുകളുടെ ബലം പരിശോധിച്ച് അപകട സാധ്യതയില്ലെന്ന‌് ഉറപ്പാക്കാൻ പരസ്യസ്ഥാപനങ്ങൾക്കും നിർദേശം നൽകി. ഇവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന കാര്യം ഉറപ്പാക്കാൻ വില്ലേജ് എഇമാരെയും പഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.
വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമിയിൽ അപകടകരങ്ങളായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാനും നിർദേശം നൽകി. ഇതിനായി വകുപ്പുകൾ സ്വന്തമായി പണം കണ്ടെത്തണം.   അനുമതി നൽകാൻ പ്രാദേശികമായി അതത് തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, പ്രദേശത്തെ വനം റേഞ്ച് ഓഫീസർ എന്നിവർ അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതിയുടെ ശുപാർശക്ക‌് വിധേയമായി അടിയന്തരമായി മുറിക്കേണ്ട മരങ്ങൾ മുറിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ തീരുമാനം കൈക്കൊള്ളും. നിർദേശം അനുസരിക്കാത്ത വകുപ്പുകൾക്കായിരിക്കും  മരംവീണുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ ബാധ്യത. 
അടിയന്തരമല്ലാത്ത സാഹചര്യത്തിൽ വനംവകുപ്പിന്റെ പ്രാദേശിക ട്രീ കമ്മിറ്റിയുടെ അനുമതിക്ക് ശേഷം മാത്രമേ മരം മുറിക്കാൻ പാടുള്ളൂ. ജില്ലയിൽ ലഭിച്ച മഴയും അണക്കെട്ടിലെ ജലവും സംബന്ധിച്ച വിവരങ്ങൾ  അതതു ദിവസം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ജലവകുപ്പ് ഉദ്യോഗസ്ഥർ നൽകണം. പുഴയിലെയും അണക്കെട്ടുകളിലെയും ജലനിരപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടോ എന്ന് നിരീക്ഷിച്ച് വെള്ളപ്പൊക്ക സാധ്യത ജില്ലാ അതോറിറ്റിയെ അറിയിക്കുകയും വേണം.
എല്ലാ അണക്കെട്ടുകളുടെയും വിവിധ അലേർട്ട് ജലനിരപ്പുകളും അണക്കെട്ടുകൾ തുറന്നുവിടുന്ന സാഹചര്യങ്ങളും സംബന്ധിച്ച   പദ്ധതിരേഖ ജലസേചനവകുപ്പും കെഎസ്ഇബിയും ജൂൺ 10-ന് മുമ്പ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകണം. എല്ലാ താലൂക്കിലും അഗ്നിശമന സേനയുടെയോ പൊലീസിന്റെയോ ഒരു ടവർ ലൈറ്റെങ്കിലും ഉണ്ടെന്ന് ഉറപ്പു വരുത്തണം.  അടിയന്തര ഘട്ടത്തിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കാൻ  കെട്ടിടങ്ങൾ കണ്ടെത്താൻ  തഹസിൽദാർമാർക്ക് നിർദേശംനൽകി. 
യോഗത്തിൽ  കലക്ടർ എസ‌് സാബശിവറാവു അധ്യക്ഷനായി, സബ് കലക്ടർ വി വിഘ്‌നേശ്വരി, എഡിഎം ഇ പി മേഴ്‌സി, ഡെപ്യൂട്ടി കലക്ടർ എം വി അനിൽകുമാർ, വിവിധ വകുപ്പിലെ ജില്ലാ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top