23 August Friday

കാറ്റ്‌: മേൽക്കൂര വൈദ്യുതി ലൈനിലേക്ക് വീണു

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
ഉള്ള്യേരി 
കനത്ത മഴയിലും കാറ്റിലും ഉള്ള്യേരിയിലെ  ഫർണിച്ചർ കോംപ്ലക്സിന്റെ മേൽക്കൂര വൈദ്യുതി ലൈനിലേക്ക് വീണു.  ഉള്ള്യേരി മുക്കിനടുത്ത കെ എച്ച് ഫർണിച്ചർ കോംപ്ലക്സിൽ അലൂമിനിയം ഷീറ്റും  ജിഐ പൈപ്പുംകൊണ്ട് നിർമിച്ച കൂറ്റൻ മേൽക്കൂരയാണ് സംസ്ഥാന പാതയിലുളള വൈദ്യുതി ലൈനിലേക്ക‌് വീണത‌്.  ഉള്ള്യേരി മുക്ക് മുതൽ ഈസ്റ്റ് മുക്ക് വരെയുള്ള അഞ്ച് വൈദ്യുത തൂണുകൾ റോഡിലേക്ക് മറിഞ്ഞുവീണു.  മൂന്ന് മണിക്കൂറോളം കൊയിലാണ്ടി -–-ബാലുശേരി റൂട്ടിൽ ഗതാഗതം മുടങ്ങി. പൊലീസ് ഇടപെട്ട് വാഹനങ്ങൾ തിരിച്ചുവിട്ടു. മേൽക്കൂര വീണ്‌ പാണക്കാട്‌ മജീദ്‌(45), കക്കഞ്ചേരി അതുൽ(27) എന്നിവർക്ക്‌ പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട‌് അഞ്ചോടെയാണ‌്  ശക്തമായ കാറ്റും മഴയും ഉണ്ടായത്.  റോഡ് പൂർണമായും മൂടിയ നിലയിലായിരുന്നു. ഒരു ഓട്ടോറിക്ഷക്കും കാറിനും ബൈക്കിനും സാരമായ കേടുപറ്റി. രണ്ട് കാറുകൾക്ക‌് മുകളിലേക്ക് വൈദ്യുതി ലൈൻ മുറിഞ്ഞുവീണു. 
ഈ സമയത്ത്  ഫർണിച്ചർ കോംപ്ലക്‌സിൽനിന്ന് നാല് പേർ വാഹനത്തിൽ ഫർണിച്ചർ കയറ്റുന്നുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.  ആ സമയത്ത‌്  സംസ്ഥാന പാതയിലൂടെ  വാഹനമൊന്നും പോകാത്തതിനാൽ  വലിയ ദുരന്തം ഒഴിവായി. കലക്ടർ സാംബശിവറാവു സ്ഥലത്തെത്തി. 
കൊയിലാണ്ടി, ഫയർ ആൻഡ‌് റസ‌്ക്യൂ യൂണിറ്റിലെ ലീഡിങ‌് ഫയർമാൻ സി പി ആനന്ദൻ, പേരാമ്പ്ര യൂണിറ്റിലെ ഭരതൻ എന്നിവരുടെ നേതൃത്വത്തിലും മീഞ്ചന്ത ഫയർഫോഴ്സ് യൂണിറ്റും കെഎസ്ഇബി അധികൃതരും ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ‌് ഷാജു ചെറുകാവിൽ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ഒള്ളൂർ ദാസൻ, എ കെ മണി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 
താമരശേരി
വേനല്‍മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റില്‍ വാഴത്തോട്ടം നശിച്ചു. കാന്തപുരം വലിയ വയലിലെ വാഴത്തോട്ടമാണ് കാറ്റില്‍ നിലംപൊത്തിയത്. ചോയിമഠം എം സി മുഹമ്മദിന്റെ തോട്ടത്തിലെ നൂറിലധികം വാഴകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു. കുലച്ചതും കുലയ‌്ക്കാറായതുമായ വാഴ നഷ്ടപ്പെട്ടത് കര്‍ഷകനെ കടക്കെണിയിലാക്കും. പാട്ടത്തിനെടുത്ത വയലിലാണ് കൃഷിയിറക്കിയത്. ബുധനാഴ്ച വൈകിട്ടാണ‌് കാറ്റ‌ുവീശിയത‌്.
പ്രധാന വാർത്തകൾ
 Top