15 October Tuesday

കാത്തിരിപ്പിന്‌ വിരാമം; ടെർമിനലിന്‌ നാഥനായി

സ്വന്തം ലേഖികUpdated: Wednesday Sep 18, 2019
കോഴിക്കോട്‌
നാലു വർഷത്തെ കാത്തിരിപ്പിനു ശേഷം കെഎസ്ആർടിസി ടെർമിനലിൽ വാണിജ്യ സമുച്ചയ ടത്തിപ്പിന്‌ന കരാറായി. ഇ ടെൻഡറിൽ ഉയർന്ന തുക വാഗ്‌ദാനം നൽകിയ ആലിഫ്‌ ബിൽഡേഴ്‌സിന്‌ ടെൻഡർ ഉറപ്പിക്കാൻ സർക്കാർ അനുമതി നൽകി. 2018ൽ നടന്ന റീ ടെൻഡറിൽ രണ്ടു കമ്പനികളായിരുന്നു പങ്കെടുത്തത്‌.
കേരള ട്രാൻസ്‌പോർട്ട്‌ ഡെവലപ്മെന്റ്‌ ഫിനാൻസ്‌ കോർപറേഷൻ ലിമിറ്റഡ്‌(കെടിഡിഎഫ്‌സി) നിർമിച്ച കെട്ടിടം ഒറ്റ യൂണിറ്റായാണ്‌ വാടകയ്‌ക്ക്‌ നൽകുന്നത്‌. ആലിഫ്‌ ബിൽഡേഴ്‌സ്‌ വാഗ്‌ദാനം നൽകിയ തുക അഭികാമ്യമാണെന്ന്‌  കെടിഡിഎഫ്‌സി സർക്കാരിന്‌ റിപ്പോർട്ട്‌ നൽകി. ഇത്‌ പരിശോധിച്ചാണ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതികുമാർ ടെൻഡർ ഉറപ്പിക്കാൻ എംഡിക്ക്‌ അനുമതി നൽകിയത്‌. 
നിർമാണം പൂർത്തിയായി നാലുവർഷം കഴിഞ്ഞിട്ടും ടെർമിനൽ വാടകയ്‌ക്ക്‌ നൽകാനായിരുന്നില്ല. ഇത്‌ കെടിഡിഎഫ്‌സിക്കും കെഎസ്‌ആർടിസിക്കും സാമ്പത്തിക നഷ്ടമുണ്ടാക്കി. ഈ നഷ്ടം പരിഹരിക്കാനാണ്‌ പുതിയ നടപടി. പിഇഡി റൂൾ പ്രകാരം 33,88,000 രൂപയാണ്‌ പ്രിൻസിപ്പൽ പ്രോജക്ട്‌ കൺസൾട്ടന്റ്‌ മാസവാടക കണക്കാക്കിയത്‌. ആലിഫ്‌ ബിൽഡേഴ്‌സ്‌ മാസവാടക 43 ലക്ഷം രൂപ  വാഗ്‌ദാനം ചെയ്‌തു. തിരിച്ചുനൽകേണ്ടതില്ലാത്ത 17 കോടിയും നൽകും. 
മൾട്ടിപ്ലക്‌സ്‌ സംവിധാനം ഇല്ലാത്തത്‌ കെട്ടിടത്തിന്റെ വാടക വരുമാനത്തിൽ 50 ശതമാനത്തോളം കുറവുണ്ടാക്കുമെന്ന്‌ കെടിഡിഎഫ്‌സി കണക്കാക്കിയിരുന്നു. നോട്ട്‌ നിരോധനം, സ്‌പേസ്‌ മാർക്കറ്റിങ്ങിലെ മാന്ദ്യം, ജിഎസ്‌ടി എന്നിവ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി വീണ്ടും ടെൻഡർ വിളിക്കുന്നത്‌ ഗുണം ചെയ്യില്ലെന്ന്‌ വിലയിരുത്തി. ഇക്കാര്യങ്ങൾ പരിശോധിച്ചാണ്‌ ആലിഫ്‌ ബിൽഡേഴ്‌സിന്‌ ടെൻഡർ ഉറപ്പിക്കാൻ കെടിഡിഎഫ്‌സി ഡയറക്ടർ ബോർഡ്‌ റിപ്പോർട്ട്‌ നൽകിയത്‌. 
2009 മാർച്ചിലാണ്‌ കെട്ടിട നിർമാണം ആരംഭിച്ചത്‌.  3,28,460 ചതുരശ്രയടി വിസ്‌തീർണമുള്ള ടെർമിനൽ 2015-ൽ ഉദ്‌ഘാടനം ചെയ്‌തു. കടകൾ, ഓഫീസുകൾ, സൂപ്പർ മാർക്കറ്റ‌് എന്നിവക്കെല്ലാം സൗകര്യമുണ്ട്‌.  2015ൽ മാക‌് അസോസിയേറ്റ‌്സ‌് എന്ന സ്ഥാപനവുമായുള്ള ആദ്യ കരാർ ഹൈക്കോടതി  റദ്ദാക്കിയിരുന്നു. മൂന്നു വർഷത്തിനുശേഷം കഴിഞ്ഞ നവംബറിലാണ്‌ വീണ്ടും ടെൻഡർ വിളിച്ചത്‌.
പ്രധാന വാർത്തകൾ
 Top