12 November Tuesday

കെയർഹോം പദ്ധതിയിൽ ശാന്തമ്മക്കും കുടുംബത്തിനും സുരക്ഷിത ഭവനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

ശാന്തമ്മക്കും കുടുംബത്തിനും കാവിലുംപാറ സർവീസ് സഹകരണ ബാങ്ക് നിർമിച്ചു നൽകിയ വീടിന്റ താക്കോൽ ഇ കെ വിജയൻ എംഎൽഎ കൈമാറുന്നു

കുറ്റ്യാടി 
പ്രളയത്തിൽ വീട് നഷ്ടമായ പൂതംപാറ വരിക്കപ്ലാക്കൽ ശാന്തമ്മക്കും കുടുംബത്തിനും സുരക്ഷിതമായ വീടായി. കഴിഞ്ഞവർഷം ആഗസ്റ്റ് 16ന് പക്രംതളം ചുരം ആറാം വളവിലുണ്ടായ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ പാറക്കൂട്ടവും മണ്ണും ശാന്തമ്മയുടെ വീട് പൂർണമായും മൂടുകയായിരുന്നു. ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ട് ഭർത്താവ് ബേബിയും ശാന്തമ്മയും കുട്ടികളും ഓടി രക്ഷപ്പെട്ടതു കൊണ്ടാണ‌്  ദുരന്തം ഒഴിവായത്. 
ആഴ്ചകളോളം ദുരിതാശ്വാസ കേന്ദ്രത്തിലായിരുന്ന ഈ കുടുംബത്തെ ക്യാമ്പ് സമാപിച്ചശേഷം ഒരു സ്വകാര്യവ്യക്തിയുടെ വീട്ടിലേക്ക് കാവിലുംപാറ പഞ്ചായത്ത് മാറ്റി താമസിപ്പിച്ചു. തുടർന്ന‌് ജനകീയ കമ്മറ്റിയും റോട്ടറി ക്ലബും ശാന്തമ്മക്കും കുടുംബത്തിനും ചുരം ഒന്നാംവളവിൽ  ഒമ്പത് സെന്റ് ഭൂമി വാങ്ങി നൽകി. ഈ ഭൂമിയിലാണ‌് സംസ്ഥാന സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി കാവിലുംപാറ സർവീസ് സഹകരണ ബാങ്ക് വീട് നിർമിച്ചത്. 
ഇ കെ വിജയൻ എംഎൽഎ വീടിന്റെ താക്കോൽ ശാന്തമ്മക്ക‌് കൈമാറി. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ‌് അധ്യക്ഷയായി. ബാങ്ക് സെക്രട്ടറി സി കെ മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. വീടിന്റെ ഇൻഷൂറൻസ് സർട്ടിഫിക്കറ്റ് എ കെ അഗസ്റ്റി കൈമാറി. 
സി കെ സുരേഷ്, പി പി ചന്ദ്രൻ, റോണി മാത്യു, അല്ലി ബാലചന്ദ്രൻ, പാലോറ കുമാരൻ, പി ഷിജു രാഗേഷ്, എ കെ സജിത്ത് കുമാർ, കെ ആർ ഗീത, എ ആർ വിജയൻ, വി പി സുരേഷ്, ബോബി മൂക്കൻതോട്ടം, എ കെ രാജൻ, കെ കെ സത്യൻ, എ കെ ഷംസീർ, പത്മനാഭൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി പ്രഭാകരൻ സ്വാഗതവും ഡയറക്ടർ ഗീതാ രാജൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top