22 June Tuesday

രോഗവ്യാപനം 
കുറയുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021
സ്വന്തം ലേഖിക
കോഴിക്കോട്‌
ജില്ലയിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക് വരുന്നതായി ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം  രോഗവ്യാപനം കുറയുന്ന പ്രവണതയാണുള്ളത്. കഴിഞ്ഞ ഒമ്പതിന്‌ അവസാനിച്ച ആഴ്ചയിൽ 28.7 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കഴിഞ്ഞ ആഴ്ച 25.5 ആയി കുറഞ്ഞു. 
മാർച്ച് 14 മുതലാണ് രണ്ടാം ഘട്ടത്തിൽ കോവിഡ് വ്യാപനം ശക്തിപ്രാപിച്ചത്. 4.47 ആയിരുന്നു അന്നത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായി. 15ന് 2966, 16ന് 2406, 17ന് 1492 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ടിപിആറിലും വലിയ കുറവുണ്ടായി. ഞായറാഴ്ച 20.06 ശതമാനവും തിങ്കളാഴ്ച 17.61 ശതമാനവുമായി കുറഞ്ഞു.
അതേസമയം, ജില്ലയിൽ പൊതുവിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും ചില തദ്ദേശ സ്ഥാപനങ്ങളിൽ രോഗികൾ വർധിക്കുന്ന സാഹചര്യവുമുണ്ട്. ഒളവണ്ണ (45 ശതമാനം), തൂണേരി (44), കോട്ടൂർ (38), ചേളന്നൂർ (37), പഞ്ചായത്തുകളിലും രാമനാട്ടുകര (37 ശതമാനം) മുനിസിപ്പാലിറ്റിയിലുമാണ് രോഗവ്യാപനം കൂടുതലുള്ളത്.  വീടുകളിൽ ചികിത്സയിൽ കഴിയുന്നവരിൽനിന്ന് വീട്ടിലെ മറ്റുള്ളവരിലേക്ക് രോഗം പകരുന്നതാണ് പല തദ്ദേശസ്ഥാപനങ്ങളിലും രോഗവ്യാപനത്തോത് കുറയാതിരിക്കാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. തദ്ദേശസ്ഥാപനങ്ങൾ ഒരുക്കിയ താൽക്കാലിക പരിചരണ കേന്ദ്രങ്ങളിലേക്ക് ആളുകൾ മാറിനിൽക്കാനുള്ള വിമുഖത കാണിക്കുന്നുണ്ട്. ജില്ലയിൽ 23 തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിവാര ടിപിആർ 30 ശതമാനത്തിനു മുകളിലാണ്. ഇവിടങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരും. 
ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിതാന്ത ജാഗ്രത ഈ പ്രദേശങ്ങളിൽ ഉണ്ടാവണമെന്ന് കലക്ടർ സാംബശിവറാവു നിർദേശിച്ചിട്ടുണ്ട്. ടിപിആർ കുറഞ്ഞാലേ നിയന്ത്രണങ്ങളിൽ അയവ് വരുത്തുകയുള്ളൂ.
ആയഞ്ചേരി, ചങ്ങരോത്ത്, കായണ്ണ, തുറയൂർ, അരിക്കുളം എന്നീ പഞ്ചായത്തുകളിലാണ് രോഗവ്യാപനം കുറവുള്ളത്. ഇവിടങ്ങളിൽ 17 ശതമാനത്തിനും 21 ശതമാനത്തിനും ഇടയിലാണ്  ടിപിആർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top