05 December Thursday

തുരങ്ക പാതയും മലയോര ഹൈവേയും നിർമാണ ഘട്ടത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
മുക്കം
മലയോര മേഖലയുടെ മുഖഛായ മാറ്റുന്ന വൻ വികസന പദ്ധതികൾ തിരുവമ്പാടി മണ്ഡലത്തിൽ യാഥാർഥ്യമാവുന്നു. വയനാട് ബദൽ പാത (ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാത) പദ്ധതിയുടെ ഫയലിൽ മുഖ്യമന്ത്രി അനുകൂല തീരുമാനമെടുത്തു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകുമെന്ന് ജോർജ് എം തോമസ് എംഎൽഎ അറിയിച്ചു. കൊങ്കൺ റെയിൽവേ കോർപറേഷനാണ് പാതയുടെ സാധ്യതാപഠനവും പദ്ധതി രൂപരേഖയും നിർമാണവും നടത്തുക. 1000 കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്ബി ധനസഹായത്തോടെയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. 
മലയോര ഹൈവേയുടെ കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള 33 കിലോമീറ്റർ നീളം വരുന്ന റീച്ചിന്‌ ടെൻഡർ ക്ഷണിച്ചു. ഡിസംബർ ആദ്യവാരം ടെൻഡർ തുറക്കും. 160 കോടി രൂപയാണ് ഈ മേഖലയുടെ നിർമാണച്ചെലവായി കണക്കാക്കിയിട്ടുള്ളത്.
റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ തന്നെ കൊയിലാണ്ടി–-എടവണ്ണ സംസ്ഥാന പാത ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദമായ പ്രോജക്ട് റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന് ഫീഡ്ബാക്ക് ഇൻഫ്രാ കൺസൾട്ടൻസി കമ്പനിയുമായി കഴിഞ്ഞ ഒക്ടോബർ 17ന് കരാറിൽ ഏർപ്പെട്ടു. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങി. 
ആദ്യഫേസിൽ തന്നെ ഓമശേരി-–-എരഞ്ഞിമാവ് ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. 15 മീറ്റർ വീതിയിലാണ്  റോഡ് നിർമിക്കുക. 2020 മാർച്ചോടെ വിശദ പദ്ധതി രൂപരേഖ അംഗീകരിച്ച്  ജൂണോടെ പ്രവൃത്തി ആരംഭിക്കും.
പൊതുമരാമത്ത്‌ വകുപ്പിനു കീഴിലെ റോഡുകൾ, പാലങ്ങൾ, നാഷണൽ ഹൈവേ എന്നീ വിഭാഗങ്ങളുടെ തിരുവമ്പാടി മണ്ഡലതല അവലോകന യോഗം എംഎൽഎ ഓഫീസിൽ  ചേർന്നു. പ്രഖ്യാപിക്കപ്പെട്ടതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി  ഡിസംബറിനകം പൂർത്തിയാക്കാനും   തീരുമാനമായി. 

 

പ്രധാന വാർത്തകൾ
 Top