18 November Monday

ഒസ്യത്ത് നിര്‍മിച്ച് നല്‍കിയത് കുന്നമം​ഗലത്തെ അഭിഭാഷകന്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
കുന്നമംഗലം
കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് നിർമിച്ചു നൽകിയത്  കുന്നമംഗലത്ത് നിന്നെന്ന് സൂചന. കുന്നമംഗലം ബാറിലെ അഭിഭാഷകൻ വിജയകുമാറിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. നേരത്തെ തന്നെ ഇയാളുടെ നോട്ടറി രജിസ്റ്റർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ  ഒസ്യത്തിന്റെ കോപ്പി സാക്ഷ്യപ്പെടുത്തി കൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇയാൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. പല തവണ ജോളി ഇയാളുടെ ഓഫീസിൽ എത്തിയിരുന്നതായും വിവരം പുറത്ത് വരുന്നുണ്ട്. 
വ്യാജ ഒസ്യത്ത് നിർമിച്ചത് കുന്നമംഗലത്തെ ആധാരം എഴുത്തുകാരനാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. വിജയകുമാറിന്റെ ഓഫീസിന് സമീപം ഒരു ആധാരം എഴുത്ത് ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നാണോ ഒസ്യത്ത് നിർമിച്ചതെന്നും പരിശോധിക്കുന്നുണ്ട്. 
ഇതോടൊപ്പം ജോളി ജോലി ചെയ്തെന്ന് പറയുന്ന ബ്യൂട്ടി പാർലറിന്റെ ഉടമ സുലേഖയുമായി ബന്ധമുണ്ടായിരുന്ന രാമകൃഷ്‌ണന്റെ മരണത്തിലെ ജോളിയുടെ പങ്കും അന്വേഷിക്കുന്നുണ്ട്. രമാകൃഷ്ണന്റെ സ്ഥലം വിൽക്കാൻ കൂടെ നിന്ന ബ്രോക്കർ ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇയാളുടെ മരണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
പ്രധാന വാർത്തകൾ
 Top