24 August Saturday

നഗരപാതാ നവീകരണം: രണ്ടാംഘട്ടത്തിന‌് സർവേ തുടങ്ങി

സ്വന്തം ലേഖികUpdated: Wednesday Jul 17, 2019
 
കോഴിക്കോട‌്
നഗരപാതാ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിനുള്ള സർവേ തുടങ്ങി. കഴിഞ്ഞ ജൂൺ പകുതിയോടെ തുടങ്ങിയ സർവേയിൽ കരിക്കാംകുളം –- സിവിൽ സ‌്റ്റേഷൻ, മാങ്കാവ‌്–-പൊക്കുന്ന‌്–-പന്തീരാങ്കാവ‌്  റോഡുകളുടെ  കണക്കെടുപ്പ‌് പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ 10 റോഡുകളും  ഒരു മേൽപ്പാലവുമാണ‌് അന്താരാഷ‌്ട്ര നിലവാരത്തിൽ നവീകരിക്കുന്നത‌്. സംസ്ഥാന സർക്കാർ കേരള റോഡ‌് ഫണ്ട‌് ബോർഡ‌് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ഡിപിആർ (ഡീറ്റൈയിൽഡ‌് പ്രോജക്ട‌് റിപ്പോർട്ട‌്) തയ്യാറാക്കുന്നതിന്റെ  മുന്നോടിയായാണ‌് സർവേ നടത്തുന്നത‌്.   
     സമീപത്തെ കെട്ടിടങ്ങൾ, വാഹനങ്ങളുടെ എണ്ണം, മണ്ണിന്റെ ബലം, ഓടകൾ തുടങ്ങി റോഡുമായി ബന്ധപ്പെട്ടവയുടെ  സ്ഥലവിവരങ്ങളാണ‌് എടുക്കുന്നത‌്. ഇതടിസ്ഥാനപ്പെടുത്തിയാണ‌് ഡിപിആർ തയ്യാറാക്കുക.  10 റോഡുകളിലെ മൂന്നെണ്ണത്തിന്റെ ഡിപിആർ ഒന്നാം ഘട്ടത്തിനൊപ്പം തയ്യാറാക്കിയിരുന്നു. അതൊഴികെ  ഏഴെണ്ണത്തിന്റെ കണക്കെടുപ്പാണ‌് ഇപ്പോൾ നടക്കുന്നത‌്.  സിനർജി ആർക്കിടെക്ട‌് ആൻഡ‌് എൻജിനിയേഴ‌്സ‌് എന്ന കമ്പനിയാണ‌് സർവേ നടത്തുന്നത‌്‌. രണ്ടരമാസത്തിനകം ഈ പ്രവൃത്തി പൂർത്തീകരിക്കുമെന്ന‌് ഹൈവേ എൻജിനിയർ എബിൻ നിർമൽ ജോസഫ‌് പറഞ്ഞു.  തുടർന്ന‌് പിഡബ്ല്യൂഡി    ഡിപിആർ തയ്യാറാക്കി  റോഡ‌് ഫണ്ട‌് ബോർഡിന‌് കൈമാറും. സർക്കാർ അനുമതി ലഭിച്ചാലുടൻ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കും. 
   നേരത്തെ ആരംഭിക്കേണ്ടിയിരുന്ന നടപടികൾ  തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടം വന്നതോടെയാണ‌് വൈകിയത‌്.  35 കിലോമീറ്റർ നീളത്തിലാണ‌് റോഡ‌് നവീകരണം. മാനാഞ്ചിറ–-പാവങ്ങാട‌്, പുതിയങ്ങാടി–-തണ്ണീർപന്തൽ, വെസ‌്റ്റ‌്ഹിൽ ചുങ്കം–-ഭട്ട‌്റോഡ‌്, മിനി ബൈപാസ‌്–-പനാത്ത‌് താഴം, മാങ്കാവ‌്–-പൊക്കുന്ന‌്–-പന്തീരാങ്കാവ‌് റോഡ‌്, കല്ലുത്താൻ കടവ‌്–-മീഞ്ചന്ത, കോതിപ്പാലം–-ചക്കുംകടവ‌്–-പന്നിയങ്കര, നേരത്തെ ഡിപിആർ തയ്യാറാക്കിയ മൂഴിക്കൽ–-കാളാണ്ടിതാഴം, കോവൂർ–-മെഡിക്കൽ കോളേജ‌്–-മുണ്ടിക്കൽത്താഴം, കരിക്കാംകുളം–-സിവിൽ സ‌്റ്റേഷൻ–-കോട്ടൂളി എന്നിവയാണ‌് രണ്ടാം ഘട്ടത്തിലെ  റോഡുകൾ. ഈ റോഡുകളിൽ ചില ഭാഗങ്ങൾ കിഫ‌്ബിവഴി ചെയ്യുന്നുണ്ട‌്. അതിനാൽ 10 റോഡുകളുടെ നീളത്തിൽ കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ  ഉണ്ടാകും. 
മിനിബൈപാസ‌്–-പനാത്ത‌് താഴം റോഡിൽ സരോവരം ബയോപാർക്കിന‌് മുകളിലൂടെയാണ‌് മേൽപ്പാലം നിർമിക്കുക.  ആദ്യഘട്ടത്തിലെ  റോഡുകളിലേതുപോലെ ഇന്റർലോക്ക‌് വിരിച്ച നടപ്പാത, ഇരുമ്പ‌് കൈവരികൾ, സിഗ‌്നൽ, പുൽത്തകിടി തുടങ്ങിയവയെല്ലാം രണ്ടാം ഘട്ടത്തിലും ഉണ്ടാകും.  മാനാഞ്ചിറ–-പാവങ്ങാട‌് റോഡ‌്  നാല‌് വരിയായാണ‌് നവീകരിക്കുക. ബാക്കി ഒമ്പത‌് റോഡുകൾ രണ്ടുവരിയാണ‌്.
പ്രധാന വാർത്തകൾ
 Top