20 November Wednesday

വാക്ക്‌ തോൽക്കാത്ത കാലത്തിനായ്‌...

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019
കോഴിക്കോട്‌ 
‘തോക്കു തോൽക്കും കാലം വരുംവരെ വാക്ക്‌ തോൽക്കില്ലെടൊ.. ’  ക്യാമ്പസുകളിൽ നിന്നുയരുന്ന പ്രതിരോധത്തിന്റെ ശബ്ദമാണിത്‌. വിദ്യാർഥികളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന അരാജകശക്തികളെ തുറന്നുകാട്ടിയും ലഹരിക്കെതിരെ മുഷ്ടിചുരുട്ടിയും  ക്യാമ്പസുകളിൽ നിറയുകയാണ്‌  ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ സർക്കാസം’. കലിക്കറ്റ്‌ സർവകലാശാല യൂണിയൻ കലാജാഥയാണ്‌ നിറഞ്ഞ സദസ്സിൽ കളി തുടരുന്നത്‌. 18ന്‌ പര്യടനം പൂർത്തിയാക്കും.
കോഴിയങ്കം എന്ന തെരുവ്‌ നാടകത്തിലൂടെയാണ്‌ കലാജാഥയുടെ തുടക്കം. ഒത്തൊരുമയോടെ കഴിഞ്ഞ  ജീവിതങ്ങളെ വർഗീയതയുടെ പേരിൽ ഭിന്നിപ്പിക്കുന്നത്‌ തുറന്നുകാട്ടുന്ന കോഴിയങ്കം ഇന്നിന്റെ നേർസാക്ഷ്യമാണ്‌. തെരുവുകൾ യുദ്ധസമാനമാക്കുന്ന വർഗീയതയെ ഇല്ലാതാക്കാൻ പ്രതികരിക്കുന്ന സമൂഹത്തിന്റെ വരവിനായി കാത്തിരിക്കുന്ന ലോകമുണ്ടെന്ന്‌ നാടകം പറയുന്നു. 
കാടിന്റെ പശ്‌ചാത്തലത്തിൽ യുവതയെ പിടിമുറുക്കുന്ന ലഹരി ഉപയോഗത്തിനെതിരെയും  പടവാളോങ്ങുന്നു. . 
ജാഥയിൽ രണ്ട്‌ തെരുവ്‌ നാടകങ്ങളും ഒരു സംഗീതശിൽപ്പവുമാണുള്ളത്‌. ആശയവും സംവിധാനവും ടി ഛന്ദസാണ്‌. സംഗീത സഹായം ഫെബിൻ. മിഥുൻ, ഇന്ദ്രജിത്ത്, രജീഷ് , ഗോകുൽരാജ്, വൈഷ്‌ണവ്, ഗോവിന്ദ്, പിമോക ടെയിൽ  എന്നിവർ പിന്നണിയിൽ പിന്തുണയേകുന്നു. 
 കെ പി   ആകാശ്‌, എ പ്രേംജിത്‌, സി എം ആദിത്യ, കാവ്യ പ്രകാശ്‌, അശ്വൽ ശശി (എല്ലാവരും ചേളന്നൂർ എസ്‌എൻജി കോളേജ്‌), എം ഭവ്യ,  കെ എസ്‌ അക്ഷര, ആത്മ മനു (ക്രിസ്‌ത്യൻ കോളേജ്‌), എ കെ അമൽ (കൊടുവള്ളി ഗവ. കോളേജ്‌),  എൻ പ്രിയങ്ക (ബാലുശേരി ഗവ. കോളേജ്‌),   പി സ്വാതി (മീഞ്ചന്ത ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌), ആർ സിദ്ധാർഥ്‌ (ഗുരുവായൂരപ്പൻ കോളേജ്‌), കെ വി ഷിബിന(പിവിഎസ്‌ കോളേജ്‌), എസ്‌ ഷിദിൻ റാം , കെ വൈശാഖ്‌(ഐഎച്ച്‌ആർഡി താമരശേരി),  കെ പി ഖദീജാ ഹിബ(ഫാറൂഖ്‌ കോളേജ്‌) എന്നിവരാണ്‌ ജാഥാംഗങ്ങൾ.
പ്രധാന വാർത്തകൾ
 Top