04 August Wednesday

തുന്നിച്ചേർക്കാനാവാതെ ഈ ജീവിതങ്ങൾ

സ്വന്തം ലേഖകൻUpdated: Wednesday Jun 16, 2021
കോഴിക്കോട്
പുത്തനുടുപ്പ്‌ തയ്ക്കാൻ തയ്യൽക്കടയിലേക്കുള്ള യാത്ര കോവിഡ്‌ മുടക്കിയിട്ട്‌ മാസങ്ങളായി.  റമദാനും കല്യാണക്കാലവും  സ്‌കൂൾ തുറക്കലും എല്ലാം പുത്തനുടുപ്പില്ലാതെ കഴിഞ്ഞു. വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾ മാത്രമല്ല അന്നന്നത്തെ അന്നത്തിനായി വീടുകളിൽ തയ്യൽ മെഷീൻ ചവിട്ടുന്ന വീട്ടമ്മമാരും ആധികളാണ്‌ നെയ്‌തുകൂട്ടുന്നത്‌. 
കോവിഡിന്റെ ആദ്യഘട്ടം കടന്ന്‌ രണ്ടാം അടച്ചിടലോടെയാണ്‌ തയ്യൽ തൊഴിലാളികൾ വല്ലാത്ത  പ്രതിസന്ധിയിലായത്‌.  വിഷുക്കാലത്ത്‌ തരക്കേടില്ലാത്ത ഓ‌ർഡറുകൾ വന്നിരുന്നു. എന്നാൽ റമദാനായതോടെ എല്ലാം അട്ടിമറിഞ്ഞു. പല കടകളിലും തയ്‌ക്കാനായി വാങ്ങിവച്ച തുണിത്തരങ്ങൾ പൊടിപിടിച്ച്‌ കിടക്കുകയാണ്‌. അടച്ചിടലിൽ സ്ഥാപനം പൂട്ടിയതോടെ വാടകയും വൈദ്യുതി ബില്ലും  അടയ്ക്കാനാകാതെ നേട്ടോട്ടത്തിലാണ് പലരും. തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് സർക്കാർ 1000 രൂപയുടെ ഇടക്കാലാശ്വാസം നൽകിയിട്ടുണ്ട്‌.  
കഴിഞ്ഞ വർഷം സ്കൂൾ അടഞ്ഞുകിടന്നത്‌ തയ്യൽ തൊഴിലാളികളെ ഏറെ വലച്ചിരുന്നു. ‌ കോവിഡിന്റെ രണ്ടാംവരവോടെ  ഈ യൂണിഫോം കാലവും തേഞ്ഞുമാഞ്ഞുപോയി. സ്‌കൂൾ സീസൺ കഴിഞ്ഞാൽ കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത് ഓണം,​ കല്യാണവേളകളിലാണ്. കോവിഡ് രൂക്ഷമായതോടെ ആഘോഷങ്ങളെല്ലാം ചുരുക്കിയപ്പോൾ  തയ്ക്കാൻ ആരും എത്താതായി.   
ചെറുകിട തയ്യൽ തൊഴിലാളികൾക്ക്‌ ജീവിക്കാൻ നിർവാഹമില്ലാത്ത സാഹചര്യത്തിൽ സാഹായധനം വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന്‌ ഓൾ കേരള  ടൈലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ടി ജനാർദനൻ പറഞ്ഞു. വാടക, വൈദ്യുതി ബില്ല്‌ എന്നിവയിൽ ഇളവ്‌ ലഭിക്കണമെന്നും തയ്യൽ തൊഴിലാളി ക്ഷേമ ബോർഡിൽ  മാസം തൊഴിലാളി അടയ്‌ക്കേണ്ട അംശദായ കുടിശ്ശികയുടെ പിഴപ്പലിശ ഡിസംബ‌ർ വരെ ഒഴിവാക്കണമെന്നും ജനാർദനൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top