25 February Thursday

കോവിഡ് വാക്‌സിന്‍ വിതരണം ഇന്നു മുതല്‍ 11 വിതരണ കേന്ദ്രങ്ങള്‍

സ്വന്തം ലേഖകന്‍Updated: Saturday Jan 16, 2021

 

 
കോഴിക്കോട്‌
ജില്ലയിൽ ആദ്യഘട്ട കോവിഡ് വാക്‌സിൻ വിതരണം ശനിയാഴ്‌ച ആരംഭിക്കും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്. സ്വകാര്യ ആശുപത്രികളിൽനിന്നുൾപ്പെടെ 33,799 പേരാണ് ജില്ലയിൽ രജിസ്റ്റർ ചെയ്‌തത്. മന്ത്രി എ കെ ശശീന്ദ്രൻ, എം കെ രാഘവൻ എംപി, എ  പ്രദീപ്കുമാർ എംഎൽഎ എന്നിവർ സൂം കോൺഫറൻസ് വഴി പങ്കെടുക്കും.  
ബീച്ച് ആശുപത്രിയിലെ വാക്‌സിനേഷൻ ചടങ്ങിൽ  മേയർ ഡോ. ബീന ഫിലിപ്പ് പങ്കെടുക്കും.  മെഡിക്കൽ കോളേജ് ആശുപത്രിയിൽ കലക്ടർ സാംബശിവ റാവു, ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ്‌ കാനത്തിൽ ജമീല എന്നിവരുടെ സാന്നിധ്യത്തിൽ വാക്‌സിനേഷന് തുടക്കം കുറിക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ, ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ എന്നിവർ മേൽനോട്ടച്ചുമതല വഹിക്കും.  മറ്റ് സെന്ററുകളിൽ അതത് തദ്ദേശ സ്ഥാപന പ്രതിനിധികളുടെ സാന്നിധ്യത്തിൽ വാക്സിനേഷന് തുടക്കം കുറിക്കും.    
ഒരു വാക്സിനേറ്റർ, നാല് വാക്സിനേഷൻ ഓഫീസർമാർ എന്നിവരാണ് ഓരോ  കേന്ദ്രത്തിലുമുണ്ടാവുക.  വാക്സിനേഷനുശേഷം മറ്റ് അസ്വസ്ഥതകൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള ആംബുലൻസ് അടക്കമുള്ള സംവിധാനവും ഇവിടെ ഉണ്ടാകും.  ഒരു കേന്ദ്രത്തിൽ 100 പേർ വീതം 11 കേന്ദ്രങ്ങളിലായി 1100 പേർക്ക് ഒരു ദിവസം വാക്സിൻ നൽകും. ഗർഭിണികൾക്കും കുട്ടികൾക്കും കോവിഡ് പോസിറ്റീവ് ആയവർക്കും വാക്സിൻ നൽകില്ല.  
വാക്സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിക്കണം.  ഒരാൾ വീതം മാത്രമേ വാക്സിനേഷൻ റൂമിൽ കടക്കാവൂ. വാക്സിനേഷനു ശേഷം ഗുണഭോക്താവ് നിരീക്ഷണ മുറിയിൽ 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരിക്കണം. വാക്സിനേഷൻ റൂമിൽ സ്വകാര്യത ഉറപ്പുവരുത്തും.  
കോഴിക്കോട് മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ  ആയുർവേദ ആശുപത്രി, ഫറോക്ക് ഇഎസ്ഐ ആശുപത്രി, പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി താലൂക്ക് ആശുപത്രികൾ, പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം, നരിക്കുനി, മുക്കം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, ആസ്റ്റർ മിംസ് എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ നടക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top