23 August Friday

നഗരസഭാ ഡെ. ചെയർമാനെ അയോഗ്യനാക്കണമെന്ന്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
കൊടുവള്ളി 
നഗരസഭാ ഡെപ്യൂട്ടി ചെയർമാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട‌് തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി. നഗരസഭാ കൗൺസിലറായ ഫൈസൽ കാരാട്ടാണ്  ഡെപ്യൂട്ടി ചെയർമാൻ എ പി അബ്ദുൽ മജീദിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട‌്‌ ഹർജി നൽകിയത്. ഹർജിയിൽ ഈ മാസം 24ന‌് വാദം കേൾക്കും.
ഡെപ്യൂട്ടി ചെയർമാൻ പദവിയിലിരുന്ന‌് നഗരസഭയുടെ ഫണ്ട് അനധികൃതമായി കൈപ്പറ്റുകയും നഗരസഭ‌ക്ക‌് നഷ്ടമുണ്ടാക്കുകയും ചെയ‌്തതിന് അംഗത്തെ അയോഗ്യനാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
കേരള മുനിസിപ്പൽ ആക്ടിലെ 91 എൻ വകുപ്പ‌് പ്രകാരം നഗരസഭയുടെ ധനത്തിന്റെയോ വസ്തുക്കളുടെയോ നഷ്ടത്തിനോ പാഴാക്കലിനോ ദുർവിനിയോഗത്തിനോ ഉത്തരവാദിയാണെങ്കിൽ കൗൺസിലർക്ക് അംഗമായി തുടരാനാവില്ല. പാലക്കുറ്റി എഎംഎൽപി സ‌്കൂളിലെ അധ്യാപകനായിരിക്കെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്ററായി യുഡിഎഫ് ഭരണകാലത്ത് നിയമിക്കപ്പെട്ട എ പി അബ്ദുൽ മജീദ് കോ-ഓർഡിനേറ്റർ തസ‌്തികയിലെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട്  നഗരസഭാ കൗൺസിൽ യോഗങ്ങളിലും ധനകാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി യോഗങ്ങളിലും പങ്കെടുത്ത് മുനിസിപ്പാലിറ്റിയിൽനിന്ന് സിറ്റിങ‌് ഫീ ഇനത്തിലും യാത്രപ്പടി ഇനത്തിലും അനധികൃതമായി തുക കൈപ്പറ്റിയതാണ് പരാതിക്കിടയാക്കിയത്.
ബ്ലോക്ക് കോ-–-ഓർഡിനേറ്ററുടെ തസ്തികയിൽനിന്ന‌് നഗരസഭാ യോഗദിവസങ്ങളിൽ തന്നെ ആനുകൂല്യം കൈപ്പറ്റിയതിന് സംസ്ഥാന സാക്ഷരതാ മിഷൻ ജോയിന്റ് ഡയറക്ടറുടെ സർട്ടിഫിക്കറ്റും  കൗൺസിലിന്റെയും ധനകാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി യോഗത്തിന്റെയും ഹാജർ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തെളിവായി തെരഞ്ഞെടുപ്പ് കമീഷനിൽ ഹാജരാക്കിയിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top