17 August Saturday

ഡിഫ്തീരിയ ബാധിച്ചെന്ന വാർത്ത മനോരമയ്‌ക്കും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ പരാതി

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 

കുന്നമംഗലം
ഡിഫ്തീരിയ സ്ഥിരീകരിച്ചെന്ന തെറ്റായ വാർത്തയിൽ കുട്ടിയുടെ പേരും മേൽവിലാസവും  പ്രസിദ്ധീകരിച്ച മനോരമ പത്രത്തിനും തെറ്റായ വാർത്ത പത്രത്തിന് നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി. പേര് പരാമർശിക്കപ്പെട്ട കുട്ടിയുടെ പിതാവാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജക്കും മെഡിക്കൽ കോളേജ് പൊലീസിലും മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട പുവ്വാട്ടുപറമ്പിലെ ഒരു വിദ്യാർഥിക്ക് ഡിഫ്തീരിയ സ്ഥീരീകരിച്ചു എന്ന വാർത്തയിലാണ് മനോരമ കുട്ടിയുടെ പേരും മേൽവിലാസവും വയസ്സും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയതെന്ന പേരിൽ  പ്രസിദ്ധീകരിച്ചത്. പനി ബാധിച്ച‌് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിക്ക്  ഡിഫ്തീരിയ ഇല്ലെന്ന് പരിശോധനയിൽ തെളിയുകയും കുട്ടിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പത്രത്തിൽ തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചത്.  വാർത്ത വന്നതോടെ കുട്ടിയെയും കുടുംബത്തെയും സമൂഹത്തിൽ അകറ്റി നിർത്തുന്ന അവസ്ഥയുണ്ടായി. 
കുട്ടിയുടെ രക്ഷിതാക്കൾ മനോരമ പത്രത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അടുത്ത ദിവസം സംഭവം തെറ്റാണെന്ന വാർത്ത നൽകുമെന്ന‌് ഉറപ്പ് നൽകി . എന്നാൽ അടുത്ത ദിവസം പ്രസിദ്ധീകരിച്ച വാർത്തയിൽ  കുട്ടിയുടെ പേര് പരാമർശിച്ചു എന്ന് മാത്രമല്ല ഖേദപ്രകടനത്തിന് തയ്യാറായതുമില്ല . 
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി വേലായുധൻ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top