24 January Friday

ആഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
ഫറോക്ക്
സ്വർണവ്യാപാരിയുടെ ആഭരണങ്ങളും പണവും തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ജില്ലാ പൊലീസിന്റെ ആന്റി തെഫ്റ്റ് വിഭാഗത്തിന്റെയും നല്ലളം സിഐ സുരേഷ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്ഐ സലീമിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ്‌ അന്വേഷണം നടത്തുന്നത്‌.  
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് അരീക്കാട് സുന്ദരം ജ്വല്ലറി ഉടമ നല്ലളം പ്രകാശ് മന്ദിറിൽ സോമസുന്ദരത്തിന്റെ 84 പവൻ സ്വർണാഭരണവും രണ്ടുലക്ഷം രൂപയുമടങ്ങിയ ബാഗ്‌ തട്ടിയെടുത്തത്. 
ഏകദേശം 27 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ അരീക്കാട് അങ്ങാടിയിലെ വ്യാപാര ഭവന് മുന്നിൽവച്ചായിരുന്നു സംഭവം. പച്ചക്കറി വാങ്ങാൻ പോകാൻ സ്കൂട്ടർ നിർത്തിയപ്പോൾ വാഹനത്തിൽ തൂക്കിയിട്ട സ്വർണവും പണവുമടങ്ങിയ ബാഗ് ഒരാൾ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാരും വ്യാപാരികളും തെരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. തിങ്കളാഴ്ച രാത്രി തന്നെ പൊലീസും വ്യാപക തെരച്ചിൽ നടത്തി. വാഹനത്തിൽനിന്ന്‌ പണമടങ്ങിയ ബാഗെടുത്ത് സ്ഥലംവിടുന്നത് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 30-–-40 വയസ്സ്‌ പ്രായം തോന്നിക്കുന്ന കറുപ്പ്‌ ഷർട്ടും വെള്ള പാന്റ്സും ധരിച്ച യുവാവ് ബാഗ് കൈക്കലാക്കുന്നതും സമീപത്തായി ചുവപ്പ് ടീ ഷർട്ടും നീല പാന്റ്സുമിട്ട മറ്റൊരു യുവാവ്‌ നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌. 
ബാഗ് തട്ടിയെടുത്തയാൾ അരീക്കാട് പള്ളിക്കടുത്തുള്ള റോഡിലൂടെ ഓടിമറയുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top