20 October Wednesday

മനസ്സിൽ മായാതെ 
പാട്ടിന്റെ സുൽത്താൻ

വന്ദനാകൃഷ്‌ണUpdated: Thursday Oct 14, 2021
 
കോഴിക്കോട്‌ 
""ആദ്യവുമില്ല, അന്തവുമില്ല അനുഭവനാം അള്ളാ... അഖിലചരത്തെയും പോറ്റിവളർത്തും അധിപനായള്ളാ...'' വിളയിൽ ഫസീല ഈ പാട്ട്‌ ആദ്യമായി പാടുമ്പോൾ പത്ത്‌ വയസാണ്‌. അന്നുതൊട്ട്‌ ഗുരുവിന്റെയും രക്ഷിതാവിന്റെയും സ്ഥാനത്തുണ്ട്‌ മാപ്പിളപ്പാട്ട്‌ കലാകാരൻ വി എം കുട്ടി.  പ്രിയപ്പെട്ട മാഷിന്റെ കരുതലിന്റെയും സ്‌നേഹത്തിന്റെയും ആഴം ഓർത്തെടുക്കുകയാണ്‌ മാപ്പിളപ്പാട്ടിലെ പെൺസാന്നിധ്യമായ ഗായിക ഫസീല. 
വി എം കുട്ടിയ്‌ക്കൊപ്പം മാപ്പിളപ്പാട്ടുമായി എത്ര വേദി പങ്കിട്ടെന്ന്‌ ഇപ്പോഴും ഓർമയില്ലെന്ന്‌ അവർ പറയുന്നു. വിളയിൽ പറപ്പൂര്‌ യുപി സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ അധ്യാപിക സൗദാമിനിയോട്‌ റേഡിയോയിൽ ബാലലോകത്തിൽ പരിപാടി അവതരിപ്പിക്കാൻ കുട്ടികളെ ആവശ്യമുണ്ടെന്നറിയിച്ച്‌ വി എം കുട്ടിയും കാരിക്കുഴിയിൽ മുഹമ്മദ്‌ കുട്ടിയും എത്തുന്നത്‌.  അതിമനോഹരമായി പാടിയപ്പോൾ അവരിലൊരാളായി തന്നെയും കൂട്ടി. വി എം കുട്ടി നേതൃത്വം നൽകിയ ചെന്താര ക്ലബ്ബിനൊപ്പം യാത്ര തുടങ്ങി. മലപ്പുറം തിരൂരിൽ നടന്ന സിപിഐ എം ജില്ലാ സമ്മേളന വേദിയിലാണ്‌ വി എം കുട്ടിക്കൊപ്പം ഒരുമിച്ച്‌ പ്രധാനവേദിയിൽ പാടുന്നത്‌. അന്ന്‌ പാട്ട്‌കേട്ട്‌ വേദിയിലുണ്ടായിരുന്ന ഇ എം എസും എ കെ ജിയും അഭിനന്ദിച്ചത്‌ ഫസീലക്കൊപ്പം കുട്ടിമാഷിനും അഭിമാന നിമിഷമായിരുന്നുവെന്ന്‌ അവർ ഓർക്കുന്നു. 
 വി എം കുട്ടി പാട്ടിനെ സ്‌നേഹിക്കുന്നവരുടെ മനസ്സിൽ എന്നുമുണ്ടാകും–- ഫസീല പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top