23 July Tuesday

മഴക്കെടുതി; ജാഗ്രതാ നിർദേശങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019
കോഴിക്കോട‌്
കാലവർഷം ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി അപകടങ്ങൾ റിപ്പോർട്ട് ചെയ‌്തിട്ടുണ്ട‌്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു.  
• പ്രകൃതിക്ഷോഭത്തിൽ വൈദ്യുതി കമ്പികൾ പൊട്ടിവീഴാനും പോസ്റ്റുകൾ  ഒടിയാനും ലൈനുകൾ താഴ‌്ന്നുവരുവാനുമുള്ള സാഹചര്യമുണ്ട്.  ഇത്തരത്തിലുള്ള അപാകം കണ്ടാൽ  വൈദ്യുതി ബോർഡ് ഓഫീസിൽ വിവരം അറിയിക്കണം. അപകട സാധ്യത ഒഴിവാകുന്നതുവരെ തൊടുകയോ സമീപത്ത‌് പോവുകയോ ചെയ്യരുത്.   മറ്റൊരാൾക്ക് അപകടം വരാതെ മുന്നറിയിപ്പുനൽകി സ്ഥലം നിരീക്ഷിക്കണം.
• ജലനിരപ്പ് ക്രമാതീതമായി ഉയരാവുന്നതും വൈദ്യുതി ലൈനുകൾ കടന്നു പോകുന്നതുമായ ജലാശയങ്ങളിലൂടെയും പാടങ്ങളിലൂടെയും മത്സ്യബന്ധനത്തിനും മറ്റാവശ്യങ്ങൾക്കും പോകുന്നവർ വൈദ്യുതി ലൈനുമായി സമ്പർക്കത്തിൽ വരാതിരിക്കുന്നതിന് ജാഗ്രത പുലർത്തണം. 
• വൈദ്യുതി ഉപയോഗിച്ച് മത്സ്യം പിടിക്കൽ, അനധികൃതമായി കമ്പിവേലികൾ സ്ഥാപിച്ച് വൈദ്യുതി പ്രവഹിപ്പിക്കൽ, വൈദ്യുതിയുടെ ദുരുപയോഗം തുടങ്ങിയവ പൂർണമായും ഒഴിവാക്കണം.
• ഇടിമിന്നലുള്ളപ്പോൾ കേബിൾവഴിയുള്ള ടെലഫോണുകൾ, കേബിൾ ടി വി സോക്കറ്റുകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണം.  ഇവയുടെ വൈദ്യുതി ബന്ധം/ കണക‌്ഷൻ കാലേക്കൂട്ടി വേർപെടുത്തണം.   
• വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങുന്നതിനുമുമ്പ‌് വൈദ്യുതി പ്രവാഹസാന്നിധ്യമില്ല എന്ന് ഉറപ്പാക്കണം.  റോഡിന്റെ വശങ്ങളിലുള്ള വൈദ്യുതി ബോർഡിന്റെ ട്രാൻസ്‌ഫോർമർ, സ്റ്റേ വയർ, എർത്ത് വയർ, പോസ്റ്റുകൾ, ഫ്യൂസുകൾ എന്നിവയിൽ സ്പർശിക്കരുത‌്. എന്തെങ്കിലും അപാകം കണ്ടാൽ  കെഎസ്ഇബി  ഓഫീസിൽ അറിയിക്കണം. 
• വീട്ടിൽനിന്ന്  പുറത്തുപോകുന്ന കുട്ടികളുടെ സുരക്ഷിതത്വ കാര്യങ്ങളിൽ മാതാപിതാക്കൾ ജാഗ്രത പുലർത്തണം. 
• വൈദ്യുതി ലൈനിന് സമീപം വളരുന്നതും അതിലേയ്ക്ക് എത്താവുന്നതുമായ വൃക്ഷശാഖകൾ വെട്ടിമാറ്റുന്ന വൈദ്യുതി ബോർഡിന്റെ പ്രവർത്തനങ്ങളോട് സഹകരിക്കണം. 
• സർവീസ് വയറിലും വൈദ്യുതി മീറ്ററിലും കട്ടൗട്ടിലും തകരാർ കണ്ടാൽ വൈദ്യുതിബോർഡിന്റെ  ഓഫീസിൽ  അറിയിക്കണം.
• വീടുകളിലും സ്ഥാപനങ്ങളിലും  എർത്ത് ലീക്കേജ് സംരക്ഷണ സംവിധാനങ്ങൾ  സ്ഥാപിക്കണം. 
• വൈദ്യുതി ഉപകരണങ്ങളിലും സ്വിച്ച് ബോർഡുകളിലും വെള്ളം കയറാതിരിക്കാൻ മുൻകരുതലുകളെടുക്കണം. 
• വൈദ്യുതി വയറിങ്ങിലും ഉപകരണങ്ങളിലും അറ്റകുറ്റപ്പണി  ചെയ്യുന്നതിനുമുമ്പ‌് വൈദ്യുതിബന്ധം വിച്ഛേദിച്ചുവെന്ന് ഉറപ്പാക്കണം. 
• തകരാറിലായ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. സുരക്ഷിതമല്ലാത്ത രീതിയിൽ താൽക്കാലിക വൈദ്യുതകണക‌്ഷനുകൾ എടുക്കുന്നതും ഒഴിവാക്കണം. 
• വൈദ്യുത കമ്പികളിലേക്ക‌് പൊട്ടിവീഴുവാനോ സ്പർശിക്കുവാനോ സാധ്യതയുള്ള വിധത്തിൽ വൃക്ഷങ്ങൾക്ക് ഇരുമ്പ് താങ്ങുകമ്പി കെട്ടരുത്.
• വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹനിർമിതമായ ഏണി, കമ്പികൾ, പൈപ്പുകൾ, തോട്ടികൾ തുടങ്ങിയവ അശ്രദ്ധയോടെ കൈകാര്യം ചെയ്യരുത‌്.
പ്രധാന വാർത്തകൾ
 Top