04 June Thursday

മനുഷ്യമഹാശൃംഖല ഒന്നായ്‌ അണിചേരാൻ ജില്ല ഒരുങ്ങുന്നു

സ്വന്തം ലേഖകൻUpdated: Tuesday Jan 14, 2020

 

കോഴിക്കോട്‌
മതത്തിന്റെ കള്ളികൾ വരച്ച്‌ മനുഷ്യനെ തളച്ചിടാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ജില്ലയുടെ മതേതര മനസ്സ്‌ ഒന്നിക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ കാസർകോട്‌ മുതൽ തിരുവനന്തപുരം വരെ 26ന്‌ നടക്കുന്ന മനുഷ്യ മഹാശൃംഖലയിൽ കണ്ണിയാകാനുള്ള തയ്യാറെടുപ്പാണ്‌ ജില്ലയിലെങ്ങും. 
ജില്ലാ അതിർത്തിയായ അഴിയൂരിൽനിന്ന്‌ രാമനാട്ടുകര വരെയാണ്‌ ജില്ലയിലെ മനുഷ്യ മഹാശൃംഖല. ദേശീയപാതയിൽ 75 കിലോമീറ്റർ ദൂരത്തിൽ ഏഴ്‌ ലക്ഷം ആളുകൾ അണിനിരക്കും. സ്‌ത്രീകളും വിദ്യാർഥികളും കുട്ടികളും ഉൾപ്പെടെയുള്ള ബഹുജനങ്ങളാണ്‌ പങ്കെടുക്കുക. എൽഡിഎഫ്‌ നേതൃത്വത്തിലാണ്‌മനുഷ്യ മഹാശൃംഖല സംഘടിപ്പിച്ചിരിക്കുന്നതെങ്കിലും രാഷ്‌ട്രീയ ഭേദമെന്യേ ആളുകൾ ഒഴുകിയെത്തുമെന്നാണ്‌ സംഘാടകരുടെ പ്രതീക്ഷ.
നഗര, ഗ്രാമ പ്രദേശങ്ങളിലെല്ലാം മനുഷ്യ മഹാശൃംഖലയുടെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമാണ്‌. കമാനങ്ങളും ബോർഡുകളും പോസ്‌റ്ററുകളുമെല്ലാം നാട്ടിൻപുറങ്ങളിൽപ്പോലും എത്തിക്കഴിഞ്ഞു.  വിളംബര ജാഥകളും വിവിധയിടങ്ങളിൽ നടക്കുന്നു. പഞ്ചായത്തുതലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചാണ്‌ പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്‌. 
സാംസ്‌കാരിക നായകരും കലകാരന്മാരും എഴുത്തുകാരും മനുഷ്യ മഹാശൃംഖലയിൽ കണ്ണികളാകും.
പ്രധാന വാർത്തകൾ
 Top