21 February Thursday
പ്രതി പിടിയിൽ

ആദിവാസി യുവതി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകം

സ്വന്തം ലേഖകൻUpdated: Monday Jan 14, 2019
 
 
മുക്കം
കൂടരഞ്ഞി കക്കാടംപൊയിൽ അകമ്പുഴയിലെ കൃഷിയിടത്തിൽ ആദിവാസി യുവതിയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി കൂമ്പാറ ബസാർ സ്വദേശി ചക്കാലപ്പറമ്പിൽ  ഷെരീഫിനെ(48) പൊലീസ് അറസ്റ്റ് ചെയ്തു. താഴേ കക്കാട് ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധിക(38)   മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.  
ചൊവ്വാഴ്ച ഉച്ചയോടെയാണ് രാധികയെ കൃഷിസ്ഥലത്തെ ഷെഡ്ഡിനു മുന്നിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടത്. രാധികയോടൊപ്പം ജോലിചെയ്തിരുന്ന ഷെരീഫ് ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയവരും ഷെരീഫും ചേർന്നാണ് യുവതിയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിനിടെ മൃതദേഹത്തിൽ കണ്ട ബലപ്രയോഗത്തിന്റെ പാടുകളാണ് സംശയത്തിനിടയാക്കിയത്. താമരശേരി ഡിവൈഎസ‌്‌പി പി ബിജുരാജിന്റെ നേതൃത്വത്തിൽ തിരുവമ്പാടി എസ്ഐ  സനൽരാജും  താമരശേരി ഡിവൈഎസ‌്‌പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷെരീഫ് പിടിയിലായത്.
എട്ടു വർഷമായി രാധികയും ഷെരീഫും അകമ്പുഴയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വാഴകൃഷി ചെയ്യുന്നുണ്ട‌്. കൊലനടന്ന ദിവസം ഇരുവരും നന്നായി മദ്യപിച്ചിരുന്നു.  ഇരുവരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിനെ ചൊല്ലി നടന്ന തർക്കമാണ‌് കൊലപാതകത്തിൽ കലാശിച്ചത‌്.  മദ്യലഹരിയിൽ പരസ്പരം കൈയേറ്റം ചെയ‌്തു. ഷെരീഫിന്റെ കഴുത്തിൽ പിടിമുറുക്കിയ  രാധികയെ  ഇയാൾ മർദിച്ചു. അതിനുശേഷം ഇയാൾ  പുറത്തേക്ക് ഓടുകയും ചെയ്തു. കുറച്ചു സമയത്തിനുശേഷം തിരിച്ചെത്തിയ ഷെരീഫ് മദ്യപിച്ച്‌  ബോധം നഷ്‌ടപ്പെട്ട  രാധികയെ  ഇയാൾ എടുത്ത്‌ ഷെഡ്ഡിനുള്ളിലെ മുറിയിൽ കിടത്തി. അതിനുശേഷം  വൈദ്യുതി മീറ്ററിൽനിന്ന‌് വരുന്ന കണക‌്ഷനിൽ വയർ ഘടിപ്പിച്ച് രാധികയുടെ കൈയിൽ ഷോക്കേൽപ്പിച്ചു. താൻ നടത്തിവന്നിരുന്ന വൈദ്യുതി മോഷണം മറ്റുള്ളവർ കാണാനിടയാകുമെന്ന് മനസ്സിലാക്കിയ പ്രതി തെളിവ് നശിപ്പിക്കാനായി ഷെഡ്ഡിനുള്ളിലുള്ള വൈദ്യുതി വയറുകൾ മുറിക്കുകയും മീറ്റർ ബോർഡ‌് അടിച്ചു തകർക്കുകയുംചെയ‌്തു. തുടർന്ന് രാധികയുടെ മൃതദേഹം സംഭവസ്ഥലത്തുനിന്ന‌് പുറത്തേക്ക് വലിച്ച‌് ഷെഡ്ഡിനു മുൻവശം കൊണ്ടുപോയിട്ടു. അതിനുശേഷം  കരഞ്ഞു ബഹളം വച്ച് ആളുകളെ അറിയിക്കുകയായിരുന്നു.  
രാധികയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ കൂടെ പോകാൻ തയ്യാറാകാതെ മാറിനിന്ന ഷെരീഫിനെ നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു.  കണ്ണൂരിൽനിന്ന് വന്ന സയന്റിഫിക് ഓഫീസർ ശേഖരിച്ച തെളിവുകളും പൊലീസിന്റെ ചോദ്യം ചെയ്യലുമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മൊഴിയിലുണ്ടായ വൈരുധ്യമാണ് പ്രതിയെ കൂടുതൽ സംശയിക്കാൻ  കാരണമായത്. മോട്ടോർ സ്വിച്ച് ഓൺ  ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ ഷോക്കേറ്റ് മരിച്ചുവെന്ന് കരുതിയ മരണം പോസ്റ്റ്മോർട്ടം നടത്തിയ സമയത്ത് തോന്നിയ സംശയമാണ‌് കൊലപാതകമാണെന്ന് തെളിയുന്നത്.
  താമരശേരി ഡിവൈഎസ‌്‌പി  ബിജുരാജിന്റെ നേതൃത്വത്തിൽ തിരുവമ്പാടി എസ്ഐ സനൽ രാജ്, ഡിവൈഎസ‌്‌പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, സീനിയർ സിപിഒ ഷിബിൽ ജോസഫ്,  സിപിഒ ഷെഫീഖ് നീലിയാനിക്കൽ,  തിരുവമ്പാടി എസ്ഐ സദാനന്ദൻ, എഎസ്ഐ സൂരജ്, മനോജ്  സിപിഒമാരായ പ്രജീഷ്, രാംജിത്ത്, സപ്നേഷ്, ജിനേഷ് കുര്യൻ, ഷിജു, ബോബി, വനിതാ സിപിഒ സ്വപ്ന എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ‌് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top