22 October Tuesday

മഴ കനക്കുന്നു; കടൽ കലിതുള്ളുന്നു

സ്വന്തം ലേഖികUpdated: Thursday Jun 13, 2019

 

 
കോഴിക്കോട‌്
ജില്ലയുടെ മലയോരങ്ങളിൽ മഴയും കാറ്റും ശക്തമായി തുടരുന്നു. പലയിടങ്ങളിലും മരം കടപുഴകി വീണു. എട്ട‌് വീടുകൾ ഭാഗികമായി തകർന്നു. കടലുണ്ടിയിൽ കടലാക്രമണം രൂക്ഷമാണ‌്.  വടകരയിലാണ‌് ഏറ്റവും കൂടുതൽ മഴ ലഭിച്ചത‌് 99 മില്ലീ മീറ്റർ. കോഴിക്കോട‌് 28. 7, കൊയിലാണ്ടിയിൽ 55 മില്ലീമീറ്റർ വീതം മഴ കിട്ടി.
മൂന്നുദിവസമായി കടലാക്രമണം തുടരുന്ന കടലുണ്ടിയിൽ പല വീടുകളും കടലെടുക്കൽ ഭീഷണിയിലാണ‌്. 
തീരദേശമേഖലയായ വാക്കടവ‌്, കപ്പലങ്ങാടി, ബൈത്താനി എന്നിവിടങ്ങളിലാണ‌് ദുരിതം കൂടുതൽ.  കടലാക്രമണം രൂക്ഷമായതോടെ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. 15 കുട്ടികളടക്കം 42 പേരെയാണ‌് മൾട്ടി ഡിസിപ്ലിനറി സ്പെഷ്യൽ സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിയത്. വീടുകൾക്ക് ഭാഗിക തകരാർ സംഭവിച്ചവരും ഇതിൽ ഉൾപ്പെടും. അടിയന്തര സാഹചര്യമുണ്ടായാൽ കൂടുതൽ ക്യാമ്പുകൾ തുറക്കുമെന്ന‌് തഹസിൽദാർ എൻ പ്രേമചന്ദ്രൻ അറിയിച്ചു. 
 കൊയിലാണ്ടി മുതൽ കാപ്പാട‌് വരെയുള്ള ഭാഗങ്ങളിലും പുതിയങ്ങാടി, വെള്ളയിൽ, വരയ‌്ക്കൽ എന്നീ ഭാഗങ്ങളിലേയും കടലാക്രമണത്ത‌ിന‌് അൽപ്പം കുറവുണ്ട‌്. അതേസമയം കടൽ പ്രക്ഷുബ‌്ധമാണ‌്. 
കൊയിലാണ്ടിയിൽ ക്യാമ്പുകൾ  പ്രവർത്തനമാരംഭിക്കാൻ സജ്ജമാണെന്ന് തഹസിൽദാറുടെ ചാർജ‌് വഹിക്കുന്ന എം രേഖ അറിയിച്ചു. ഇതിനായി എല്ലാ വില്ലേജുകളിലെയും സ്‌കൂളുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. കടൽഭിത്തി ബലപ്പെടുത്തുന്ന നിർമാണ പ്രവർത്തനങ്ങൾ യുഎൽസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ‌്. താലൂക്കിലെ വിവിധയിടങ്ങളിൽ വീടുകൾക്ക‌് തകരാർ സംഭവിച്ചിട്ടുണ്ട‌്. പാലേരിയിൽ ഒരു വീട് ഭാഗികമായി തകർന്നു.  
താമരശേരി താലൂക്കിലെ അമ്പായത്തോട‌്, പുതുപ്പാടി, ഈങ്ങാപ്പുഴ, ചമൽ എന്നിവിടങ്ങളിൽ ശക്തമായ മഴയാ‌ണ‌്. നെല്ലിപ്പൊയിൽ വില്ലേജിൽ കനത്ത മഴയിൽ ഒരു വീട് ഭാഗികമായി തകർന്നു. 21/6 ൽനിന്ന‌് ചമലിലേക്കുള്ള റോഡിലും അമ്പായത്തോട‌് ദേശീയ പാതയിലും കനത്തകാറ്റിൽ മരങ്ങൾ കടപുഴകിവീണ‌് ഗതാഗതം സ‌്തംഭിച്ചു. 
വടകര താലൂക്കിലെ വേളത്ത് വീട‌് ഭാഗികമായി തകർന്നു. വടകരയിലും താമരശേരിയിലും ക്യാമ്പുകൾ പ്രവർത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തഹസിൽദാർമാർ അറിയിച്ചു. വിവിധയിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട‌്.  0495 -2372966 (കോഴിക്കോട്), 0496 -2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 0496 2522361 (വടകര), 
കലക്ടറേറ്റ്- 1077.

 

പ്രധാന വാർത്തകൾ
 Top