18 June Friday

കോവിഡിനിരയായെങ്കിലും ഇവിടുണ്ട്‌, 
കുട്ടീബിത്തയുടെ സ്‌നേഹസ്‌പർശം

എം ജഷീനUpdated: Thursday May 13, 2021

വാക്സിൻ ചലഞ്ചിലേക്ക്‌ ഒരു ലക്ഷം രൂപയുടെ ചെക്ക്‌ കുട്ടീബിയുടെ മകൾ ഡോക്ടർ ലൈലാബി നിയുക്ത എംഎൽഎ തോട്ടത്തിൽ രവീന്ദ്രന് നൽകുന്നു

കോഴിക്കോട്
വൈകിട്ടത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണാനും ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാൻ പറയാനും പുതിയപാലത്തെ എംപി ഹൗസിൽ ഇപ്പോൾ കുട്ടീബിത്തയില്ല. കോവിഡ് ഈ മണ്ണിൽനിന്ന് അവരെ യാത്രയാക്കിയാലും ആ മാനവികതയും സ്നേഹവും അണയുന്നില്ല, ആ ഉമ്മയുടെ പേരിൽ ഒരു ലക്ഷം രൂപ വാക്സിൻ ചലഞ്ചിനായി ദുരിതാശ്വാസ നിധിയിലുണ്ടാകും. തുകയുടെ ചെക്ക്  മകൾ ഡോക്ടർ ലൈലാബി  ബുധനാഴ്ച നിയുക്ത എംഎൽഎ തോട്ടത്തിൽ രവീന്ദ്രന് കൈമാറി. 
      ഈ മാസം ആദ്യവാരമാണ് 83 കാരിയായ കുട്ടീബി കോവിഡിന് ഇരയായത്‌.    അതിന് കുറച്ചുദിവസം മുമ്പുവരെ ദിവസേന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം സ്ഥിരമായി കാണാറുണ്ടായിരുന്നു. നാടിന്റെ സാഹചര്യമോർത്ത് ആശങ്കകൾ പങ്കുവയ്ക്കുകയും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ മകളോട് പറയുകയും ചെയ്യും. പ്രളയകാലത്തൊക്കെ ഇങ്ങനെ കുട്ടീബിത്ത പണം നൽകിയിട്ടുണ്ട്. കോവിഡ് രണ്ടാം വരവിൽ വാക്സിൻ ചലഞ്ച് ആരംഭിച്ചപ്പോഴും പണം നൽകണമെന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് കോവിഡ് ബാധിതയായത്. ഒരാഴ്ച ആശുപത്രി ചികിത്സയ്ക്കുശേഷമാണ് മരണമടഞ്ഞത്. 
   ഉമ്മയുടെ നടക്കാതെപോയ ആഗ്രഹം അവരില്ലെങ്കിലും  സാധ്യമാക്കാനാണ്‌ പണം കൈമാറുന്നതെന്ന് മരുമകൻ ഷക്കീർ പറഞ്ഞു. കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച് വീട്ടിൽവച്ചാണ് ചെക്ക്‌ കൈമാറിയത്. തോട്ടത്തിൽ രവീന്ദ്രൻ  ചെക്ക് അടുത്ത ദിവസം കലക്ടർക്ക് നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top