17 June Monday

കലക്ടർ ആര്യയെ സന്ദർശിച്ചു മികച്ച വിജയത്തിന‌് ലാപ്ടോപ് സമ്മാനം

സ്വന്തം ലേഖകൻUpdated: Monday May 13, 2019

 

 
മലാപ്പറമ്പ‌്
അബോധാവസ്ഥയിലായ അച്ഛനെ പരിചരിച്ചുകൊണ്ട് എസ്എസ്എൽസിയിൽ മുഴുവൻ  എ പ്ലസ‌് നേടിയ ആര്യ രാജനെ അഭിനന്ദിക്കാൻ  കലക്ടർ എസ് സാംബശിവറാവു ആര്യയുടെ വീട്ടിലെത്തി. മലാപ്പറമ്പിലെ വലിയ പറമ്പത്ത‌് വീട്ടിൽ ഞായറാഴ‌്ചയാണ‌് കലക്ടർ എത്തിയത‌്‌.  
ആര്യയിൽനിന്നും പഠന കാര്യങ്ങൾ കലക്ടർ  ചോദിച്ചറിഞ്ഞു. മികച്ച വിജയത്തിന്  ലാപ്ടോപ് സമ്മാനമായി നൽകുമെന്ന‌് കലക്ടർ പറഞ്ഞു.  പഠന മുറി ഒരുക്കാൻ വേണ്ടത‌് ചെയ്യും. ആര്യയുടെ പിതാവിന്റെ ചികിത്സ സംബന്ധിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായും മിംസ‌് ആശുപത്രി അധികൃതരുമായും ഫോണിൽ സംസാരിച്ചു. ഏറ്റവും മികച്ച ചികിത്സക്ക് വേണ്ടതെല്ലാം ചെയ്യുമെന്നും  ഉറപ്പ് നൽകി. 
ആര്യയുടെ കുടുംബത്തിന് സ്വന്തമായി വീട് എന്നുള്ളത് പരിഗണനയിലുണ്ടെന്നും ബന്ധപ്പെട്ടവരുമായി ആലോചിച്ച് വിശദ വിവരം അറിയിക്കുമെന്നും കലക്ടർ പറഞ്ഞു. 
കഴിഞ്ഞ ഡിസംബർ 25ന‌് ഓട്ടോ ഇടിച്ച‌് തെറിപ്പിച്ചതിനെ തുടർന്ന‌് ‌തലക്ക‌് ഗുരുതര പരിക്കേറ്റ ആര്യയുടെ അച്ഛൻ രാജൻ  ഇപ്പോൾ അബോധാവസ്ഥയിലാണ‌്. മകളുടെ ശബ്ദം കേട്ടാൽ ബോധം തിരികെ ലഭിക്കാൻ  സഹായകമാകും  എന്ന‌് ഡോക്ടർമാർ പറഞ്ഞതുകൊണ്ടാണ‌് അച്ഛനരികിൽ നിന്നും ആര്യ ഉച്ചത്തിൽ വായിച്ച‌് പഠിക്കുകയും  എസ‌്എസ‌്എൽസിയിൽ എല്ലാ വിഷയങ്ങളിലും  എ പ്ലസ‌് നേടുകയും ചെയ‌്തത‌്.
പ്രധാന വാർത്തകൾ
 Top