15 May Saturday

തെരഞ്ഞെടുപ്പ്‌ വിലയിരുത്തൽ വാർത്ത അസംബന്ധം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 13, 2021
 
കോഴിക്കോട്‌ 
ജില്ലയിൽ 13 മണ്ഡലങ്ങളിലും വിജയിക്കുമെന്നാണ്‌ സിപിഐ എം വിലയിരുത്തലെന്ന്‌ ജില്ലാ സെക്രട്ടറിയറ്റ്‌ വ്യക്തമാക്കി. വടകരയിൽ തോൽവിക്ക് സാധ്യതയെന്ന് സിപിഐ എം  വിലയിരുത്തൽ എന്ന പേരിൽ തിങ്കളാഴ്‌ച  മനോരമയിൽ വന്ന വാർത്ത  വസ്തുതകളുമായി ബന്ധമില്ലാത്ത  ശുദ്ധ അസംബന്ധമാണ്‌. ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച്‌ എൽഡിഎഫ് പ്രവർത്തകർക്കും അനുഭാവികൾക്കുമിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള കുത്സിതനീക്കമാണ്‌ മനോരമയുടേത്‌. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റിന്റെ വിലയിരുത്തലെന്ന രീതിയിൽ സ്വന്തം ആഗ്രഹങ്ങളും ഊഹാപോഹങ്ങളും വാർത്തയായി പ്രചരിപ്പിക്കയാണവർ. 
13 സീറ്റുകളിലും ഇടതുപക്ഷമുന്നണി ചരിത്രവിജയം നേടുമെന്നാണ്‌ ജില്ലാസെക്രട്ടറിയറ്റ്‌ പ്രതീക്ഷ. പോളിങ്ങിനുശേഷം ബൂത്ത്‌തലത്തിൽ പരിശോധിച്ച്‌ തയ്യാറാക്കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണീ വിലയിരുത്തൽ. വടകരയിലും കൊടുവള്ളിയിലും എൽഡിഎഫിന്‌ വിജയസാധ്യതയുണ്ട്‌. കഴിഞ്ഞ പ്രാവശ്യം നഷ്ടമായ കുറ്റ്യാടിയും കോഴിക്കോട് സൗത്തും തിരിച്ചുപിടിക്കും. ബിജെപിയും ചില മതതീവ്രവാദ സംഘടനകളുമായി യുഡിഎഫ് ഉണ്ടാക്കിയ രഹസ്യധാരണകളൊന്നും കോൺഗ്രസിനെയോ മുസ്ലിംലീഗിനെയോ തുണയ്‌ക്കില്ലെന്നാണ് പാർടി വിലയിരുത്തൽ. 
വടകര എൽഡിഎഫിന് നഷ്ടമാകുമെന്ന മനോരമയുടെയും  മറ്റുചില മാധ്യമങ്ങളുടെയും  പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള മാധ്യമതന്ത്രത്തിന്റെ ഭാഗമാണ്‌.  എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ്‌ സ്ഥാനാർഥികൾ വിജയിച്ച്‌ തുടർഭരണത്തിന്‌ പിന്തുണയുമായി  ജില്ലയാകെ ഒന്നിച്ചുണ്ടാകും. ഈ വസ്‌തുത എല്ലാ ജനാധിപത്യ വിശ്വാസികളും തിരിച്ചറിയണമെന്നും  സെക്രട്ടറിയറ്റ്  പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top