19 September Saturday

പുഞ്ചിരിക്കും ഈ പാഴ്‌വസ്തുക്കൾ

ഉണ്ണി ഈന്താട്‌Updated: Thursday Dec 12, 2019
 
കക്കോടി 
പാഴ്‌മുളം തണ്ടിൽനിന്ന് പാട്ടിന്റെ പാലാഴി തീർക്കുന്നതുപോലെയാണ് കെ പി നെടിയനാട് പാഴ്‌വസ്തുക്കളിൽനിന്ന‌്‌ കമനീയമായ കരകൗശലവസ്‌തുക്കൾക്ക്‌  രൂപം നൽകുന്നത്. നിങ്ങൾ ഉപേക്ഷിക്കുന്നതെന്തും അദ്ദേഹത്തിന് അമൂല്യമാണ്‌. പ്ലാസ്റ്റിക്‌ കുപ്പിയോ പഴയ സിഡിയോ, മാർബിൾ കഷണമോ തുണിസഞ്ചിയോ എന്തുമാവാം. അലക്ഷ്യമായി വലിച്ചെറിയുന്ന  വസ്തുക്കൾകൊണ്ട്‌  തീർക്കുന്ന കരവിരുത്‌ സ്വീകരണമുറികളെ തെല്ലൊന്നുമല്ല ആകർഷകമാക്കുക.
പെയിന്ററായിരുന്ന നന്മണ്ടയിലെ പടിക്കലക്കണ്ടി പ്രേമരാജന്‌ മൂന്ന് വർഷം മുമ്പ് വാഹനാപകടത്തിൽ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കടുത്ത വേദനയിലും ഉപജീവനത്തിനും ചികിത്സക്കും വഴികണ്ടെത്തുന്നതിന്‌ ഒരു തൊഴിലെന്ന നിലയിലാണ്‌ പാഴ്‌‌വസ്തുക്കളിൽ തന്റെ കലയും ജീവിതവും സമർപ്പിച്ചത്. കാണാനെത്തുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും അദ്ദേഹം അഭ്യർഥിച്ചത് നിങ്ങൾ വരുമ്പോൾ പലഹാരപ്പൊതിയുമായി ഈ പടി കടക്കേണ്ട, പകരം പാഴ്‌‌വസ്തുക്കളുമായി വന്നാൽ മതിയെന്നാണ്‌. പ്ലാസ്റ്റിക്‌ കുപ്പികൾകൊണ്ട്‌ മനോഹരമായ പൂന്തോട്ടമൊരുക്കും. അതിൽ പൂമ്പാറ്റകൾ, പക്ഷികൾ, ജീവികൾ തുടങ്ങിയവയുടെ കൂടുമൊരുക്കും. മാർബിൾ കഷണം കൊണ്ടും പ്ലാസ്റ്റർ ഓഫ് പാരീസുകൊണ്ടും നിർമിച്ച സ്വർണനാഗം, ട്രോഫികൾ തുടങ്ങിയവയെല്ലാം ഒറിജിനലിനെ വെല്ലും. തനിക്ക് ലഭിച്ച സർഗസിദ്ധി മറ്റുള്ളവരിലേക്ക് പകരാനും  സന്നദ്ധനാണ്.
കുടുംബശ്രീക്കാർക്കും, നരിക്കുനി അത്താണിയിലെ  അനാഥാലയാംഗങ്ങൾക്കും  പരിശീലനം നൽകുന്നു.  സ്കൂളുകൾ, കോളേജുകൾ, എൻഎസ്എസ് ക്യാമ്പുകൾ എന്നിവിടങ്ങളിലും പരിശീലകനായി എത്താറുണ്ട്. നാടകം, നാടകഗാനങ്ങൾ, ലളിതഗാനങ്ങൾ, ഓണപ്പാട്ടുകൾ  എന്നിവ രചിച്ചിട്ടുണ്ട്‌. കൂടാതെ  സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്‌.   ഈ കലാകാരന്റെ നിശ്ചയദാർഢ്യത്തിന്‌ പ്രചോദനമായി ഭാര്യ ബിന്ദുവും കൂടെയുണ്ട്. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top