12 November Tuesday

അവിശ്വാസം പാസായി; അഴിയൂർ എൽഡിഎഫിനൊപ്പം

സ്വന്തം ലേഖകൻUpdated: Saturday Oct 12, 2019
അഴിയൂർ  
അഴിയൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. വെള്ളിയാഴ്ച നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽനിന്നും വോട്ടെടുപ്പിൽനിന്നും യുഡിഎഫ് വിട്ടുനിന്നു. റിട്ടേണിങ് ഓഫീസറായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജിത നടപടിക്രമങ്ങൾ നിയന്ത്രിച്ചു. 
അവിശ്വാസപ്രമേയത്തിന് 10 അംഗങ്ങളുടെ പിന്തുണയാണ്‌ ലഭിച്ചത്‌. 18 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് ഒമ്പത് അംഗങ്ങളാണുള്ളത്. ആർഎംപിയുടെ രണ്ട്‌ അംഗങ്ങൾ ഉൾപ്പെടെ എട്ട്‌ പേരാണ്‌ യുഡിഎഫ്‌ പക്ഷത്തുള്ളത്‌. 
അവിശ്വാസം പാസാകാൻ എൽഡിഎഫ്‌ അംഗങ്ങളുടെ വോട്ടുമാത്രം മതിയെന്നിരിക്കെ ആവശ്യപ്പെടാതെ തന്നെ എസ്‌ഡിപിഐയുടെ ഏകഅംഗം പ്രമേയത്ത അനുകൂലിക്കുകയായിരുന്നു. അതേസമയം അവിശ്വാസ പ്രമേയത്തെ എതിർത്ത്‌ വോട്ട്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ യുഡിഎഫ് നേതൃത്വം എസ്ഡിപിഐ നേതാക്കളുമായി സംസാരിച്ചതിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌. വോട്ടെടുപ്പിൽ എൽഡിഎഫിന് ഒമ്പത് അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നതിനാൽ യുഡിഎഫ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. 
എൽഡിഎഫിൽ സിപിഐ എമ്മിന് നാലും എൽജെഡിക്ക് മൂന്നും സിപിഐക്ക് ഒന്നും ജനതാദൾ എസിന് ഒന്നും അംഗങ്ങളാണുള്ളത്. യുഡിഎഫിൽ മുസ്ലിംലീഗ് നാലും കോൺഗ്രസിന് രണ്ടും ആർഎംപിക്ക് രണ്ടും അംഗങ്ങളാണുള്ളത്‌. എസ്ഡിപിഐക്ക് ഒരു അംഗവും. 
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ യുഡിഎഫ് അംഗങ്ങളുടെ വാർഡുകളിൽ മാത്രം നടപ്പാക്കുന്ന ജനാധിപത്യവിരുദ്ധ നടപടിക്കെതിരെയാണ്‌ എൽഡിഎഫ് അവിശ്വാസം അവതരിപ്പിച്ചത്. യുഡിഎഫിലുണ്ടായിരുന്ന എൽജെഡി പിന്തുണ പിൻവലിച്ചതിനെ തുടർന്ന്‌ ഭൂരിപക്ഷം നഷ്ടപ്പെട്ട്‌ മാസങ്ങൾ പിന്നിട്ടിട്ടും അധികാരത്തിൽ കടിച്ചുതൂങ്ങുന്ന നിലപാടിനെതിരെ യുഡിഎഫ് അണികളിൽനിന്നും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

 

പ്രധാന വാർത്തകൾ
 Top