25 September Friday
കാലവർഷം

കാർഷിക നഷ്ടം 9.34 കോടി

സ്വന്തം ലേഖകന്‍Updated: Wednesday Aug 12, 2020
കോഴിക്കോട്‌
ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം. ആഗസ്ത് ഒന്നുമുതൽ പത്തുവരെയുണ്ടായ മഴയിലും കാറ്റിലും ജില്ലയിൽ 9.34 കോടി രൂപയുടെ കാർഷിക നഷ്‌ടമാണുണ്ടായത്‌. വാഴകൃഷിയെയാണ് കാലവർഷം കൂടുതലായി ബാധിച്ചത്. കുലച്ച 66,347 വാഴകളും 44,688 സാധാരണ വാഴകളും നശിച്ചു. ടാപ്പിങ് നടത്തുന്ന 3394 റബ്ബർ മരങ്ങളും അല്ലാത്ത 1502 എണ്ണവും അടക്കയുള്ള 3974 കവുങ്ങുകളും ഇല്ലാത്ത 1385 എണ്ണവും  നശിച്ചു. തെങ്ങ്, ഇഞ്ചി, മഞ്ഞൾ, റബ്ബർ, കുരുമുളക്, കപ്പ എന്നിവയെയും കാലവർഷം ബാധിച്ചു. ജില്ലയിലെ 8965 കർഷകർക്കാണ് നാശനഷ്ടമുണ്ടായത്.
അതേസമയം, ചൊവ്വാഴ്‌ചയും ജില്ലയിൽ കാര്യമായ മഴയുണ്ടായില്ല. മഴ കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്നവർ വീടുകളിലേക്ക്‌ മടങ്ങിത്തുടങ്ങി. നാല്‌ താലൂക്കിലായി 62 പേരാണ്‌ ഇപ്പോൾ ക്യാമ്പിൽ കഴിയുന്നത്‌.
കൊയിലാണ്ടി താലൂക്കിൽ ഒരു ക്യാമ്പാണ് പ്രവർത്തിക്കുന്നത്. ഒരു കുടുംബത്തിലെ ആറ്‌ പേർ ഇവിടെയുണ്ട്‌. കോഴിക്കോട് താലൂക്കിൽ രണ്ട്‌ ക്യാമ്പുകളിലായി 19 പേർ കഴിയുന്നു. താമരശേരി താലൂക്കിൽ ഒരു ക്യാമ്പാണുള്ളത്‌. എട്ട്‌ കുടുബങ്ങളിലെ 16 പേർ ഇവിടെയുണ്ട്‌. ശക്തമായ മഴയിൽ പൂത്തൂർ വില്ലേജിൽ കോരൻചോലമ്മൽ ശിവദാസന്റെ വീട് തകർന്നു. ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇതോടെ കാലവർഷത്തിൽ താലൂക്കിൽ 19 വീടുകളാണ് ഭാഗികമായി തകർന്നത്. വീടുകൾ തകർന്നതിലൂടെ 16.25 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്.
വടകര താലൂക്കിലെ മൂന്ന്‌ ക്യാമ്പിലായി ഒമ്പത്‌ കുടുംബങ്ങളിലെ 21 പേരുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top