18 July Thursday

കക്കൂസ് മാലിന്യം റോഡിൽ തള്ളാനുള്ള ലീഗ‌് നേതാവിന്റെ നീക്കം നാട്ടുകാർ തടഞ്ഞു

സ്വന്തം ലേഖകൻUpdated: Wednesday Jun 12, 2019

 മുക്കം

നഗരസഭയിലെ കല്ലുരുട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മൂന്നുനില കെട്ടിടത്തിലെ കക്കൂസ് മാലിന്യം കെട്ടിട ഉടമ റോഡിലേക്ക് തള്ളാൻ നടത്തിയ നീക്കം നാട്ടുകാർ തടഞ്ഞു. മുൻ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായ കെ എം സുലൈമാന്റെ (അബു കല്ലുരുട്ടി)ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ കക്കൂസ് മാലിന്യമാണ് മോട്ടോർ പമ്പ് ഉപയോഗിച്ച് ഓമശേരി -- തിരുവമ്പാടി റോഡിലേക്ക് തള്ളാൻ ശ്രമിച്ചത്. ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. മാലിന്യം തള്ളാൻ ഉപയോഗിച്ച മോട്ടോർ പമ്പ് നാട്ടുകാർ പിടികൂടി. 
       ഓമശേരി -- തിരുവമ്പാടി റോഡരികിലാണ് മൂന്നുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ രണ്ട് നിലയ്ക്ക് മാത്രമേ നഗരസഭയുടെ ലൈസൻസുള്ളൂ. 150 ലേറെ ഇതര സംസ്ഥാന  തൊഴിലാളികളാണ് കെട്ടിടത്തിൽ താമസിക്കുന്നത്.
നിയമാനുസൃതം കക്കൂസ് ടാങ്കുകൾ നിർമിക്കാതെ കെട്ടിടത്തിന് സമീപം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് താൽക്കാലികമായി മൂന്ന് കുഴികളെടുത്താണ് കക്കൂസ് മാലിന്യം സംസ്കരിച്ചിരുന്നത്. ഈ മൂന്ന് കുഴികളും നിറയുമ്പോൾ സഹോദരനും  നഗരസഭ കൗൺസിലർ സൈനബയുടെ ഭർത്താവുമായ ഖാലിദിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ വലിയ കുഴിയിലേക്ക് മോട്ടോർ ഉപയോഗിച്ച‌്  മാലിന്യം നീക്കി, ഇവിടെ നിന്ന് റോഡരികിലെ കുഴിയിലേക്കും പറമ്പിലേക്കും മാലിന്യം തള്ളാനായിരുന്നു നീക്കം.  
  കൗൺസിലറുടെ അറിവോടെയാണ്   മാലിന്യം തള്ളുന്നതെന്ന‌് ആക്ഷേപമുയർന്നിട്ടുണ്ട‌്.  ഇത് ആദ്യ സംഭവമല്ലെന്നും നേരത്തെയും നിരവധി തവണ കക്കൂസ് മാലിന്യം റോഡിലേക്ക്  തള്ളിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.  പല തവണ അധികൃതർക്ക് പരാതി നൽകിയിട്ടും  നടപടിയൊന്നുമുണ്ടായില്ല. പകൽ പെയ്ത കനത്ത  മഴ രാത്രിയിലും തുടർന്നേക്കുമെന്ന് കരുതിയാണ് കഴിഞ്ഞ ദിവസം മാലിന്യം തള്ളാൻ നീക്കം നടന്നത്.
         അനധികൃതമായി നിർമിച്ച കക്കൂസ് ടാങ്കുകൾ മൂലം പ്രദേശത്തെ പൊതുകിണറിൽ കോളിഫാം  ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് ഈ കിണറിലെ വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു. കൂടാതെ നിരവധി കുട്ടികൾ പഠിക്കുന്ന അങ്കണവാടിയും  എൽ പി സ്കൂളും പള്ളിയും കെട്ടിടത്തിനടുത്തായി പ്രവർത്തിക്കുന്നുണ്ട്. സ്ഥലം നഗരസഭാ അധികൃതർ പരിശോധിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top