25 June Tuesday

അമ്മയുടെ ചിതയ‌്ക്ക‌ു മുന്നിൽ നിന്നെത്തി, പ്രണവ‌ിന്‌ എപ്ലസ‌്

പി ശ്രീനിവാസൻUpdated: Sunday May 12, 2019

പ്രണവ് അമ്മ റീജയുടെ ചിത്രത്തിനരികെ

കുന്നമംഗലം
പരീക്ഷാ ഹാളിൽ ചോദ്യക്കടലാസിനു മുന്നിലിരിക്കുമ്പോഴും പ്രണവിന്റെയുള്ളിൽ  ഒരു ചിത ആളിക്കത്തുന്നുണ്ടായിരുന്നു. മകന്റെ വിജയം കാണാൻ ഏറെക്കൊതിച്ച അമ്മയുടെ ചിത എരിഞ്ഞുതീരും മുമ്പാണ‌് പ്രണവിന‌് പരീക്ഷാഹാളിൽ എത്തേണ്ടി വന്നത‌്. അമ്മയുടെ വേർപാടിന്റെ  തീരാനൊമ്പരത്തിനിടയിലും അവൻ മുഴുവൻ വിഷയങ്ങളിലും എ പ്ലസ‌് നേടി മിടുക്കനായി. ആ നേട്ടം കാണാൻ അമ്മയില്ല എന്ന സങ്കടം ഇപ്പോഴും പ്രണവിനെ വിട്ടുമാറുന്നില്ല.
പടനിലം വട്ടംകണ്ടിയിൽ വി കെ ഗിരീഷ് കുമാറിന്റെ മകൻ  പ്രണവ‌് കെമിസ‌്ട്രി പരീക്ഷയെഴുതുന്നതിന‌് തൊട്ടുമുമ്പായിരുന്നു അമ്മ റീജയുടെ മരണം. 
അമ്മയുടെ രോഗപീഡകളും വേദനകളും അവനെ അസ്വസ്ഥനാക്കി.  എസ‌്എസ‌്എൽസി പരീക്ഷയുടെ തലേ ദിവസം റീജയുടെ രോഗം മൂർഛിച്ചു. വേദനിക്കുന്ന അവസ്ഥയിലും വീട്ടുകാരുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പിന്തുണയിൽ പ്രണവ് പരീക്ഷയെഴുതി. മാർച്ച് 18ന്  പ്രണവിനെ തനിച്ചാക്കി റീജ വിട പറഞ്ഞു. 19ന‌് രാവിലെ മാവൂർ റോഡ‌് ശ‌്മശാനത്തിൽ അമ്മയുടെ ചിതയ‌്ക്ക‌് തീകൊളുത്തിയ പ്രണവ‌് നേരെ പോയത‌് പരീക്ഷാ ഹാളിലേക്കായിരുന്നു. ജീവിതത്തിന്റെ സമവാക്യങ്ങളെല്ലാം തെറ്റുന്ന മുഹൂർത്തിൽ അവൻ രസതന്ത്ര പരീക്ഷയുടെ ചോദ്യങ്ങളെ നേരിട്ടു. ഫലം വന്നപ്പോൾ കെമിസ‌്ട്രി ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എപ്ലസ‌് നേടി ഉന്നത വിജയം.
പ്രണവിന്റെ അച്ഛൻ വി കെ ഗിരീഷ് ഹോട്ടൽ പാചകക്കാരനാണ്. സഹോദരൻ വിഷ്ണു ടൂ വീലർ മെക്കാനിക്കാണ്.
പ്രധാന വാർത്തകൾ
 Top