21 February Thursday

വനമിത്ര രാജ്യത്തിന‌് മാതൃക: കെ എസ് സലീഖ

സ്വന്തം ലേഖകൻUpdated: Tuesday Feb 12, 2019
പേരാമ്പ്ര
ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ട‌് 15 മാസം മുമ്പ് ആരംഭിച്ച വനമിത്ര ആദിവാസി വനിതാ ശാക്തീകരണ പദ്ധതി രാജ്യത്തിന‌് മാതൃകയാണെന്ന‌് വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ എസ് സലീഖ മുതുകാട് വനമിത്രയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാരമ്പര്യ തൊഴിലുകളിൽനിന്നുമാറി ആദിവാസി യുവതികളെ പുതിയ തൊഴിൽ മേഖലയിലേക്ക് കൈപിടിച്ചുയർത്താൻ ചുരുങ്ങിയകാലംകൊണ്ട് കോർപറേഷൻ  നടപ്പാക്കിയ വനമിത്ര പദ്ധതിക്ക് കഴിഞ്ഞു. 
ചക്കിട്ടപാറ പഞ്ചായത്തിലെ കുളത്തൂർ ആദിവാസി കോളനി, ആചാര്യ നരേന്ദ്രദേവ് കോളനി, സീതപ്പാറ പുനരധിവാസ കോളനി, പൂഴിത്തോട് ആലമ്പാറ കോളനി എന്നിവിടങ്ങളിലെ 115 ആദിവാസി കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് മുതുകാട് കോമൺ ഫെസിലിറ്റി സെന്ററിൽ വനമിത്ര എന്ന പേരിൽ ആദിവാസി സ്ത്രീകളു ടെ തൊഴിൽ നൈപുണ്യകേന്ദ്രം ആരംഭിച്ചത്. ആദ്യ ഘട്ടമായി 26 യുവതികൾക്ക് തയ്യൽ പരിശീലനം നൽകി. ഒരു വർഷത്തിനകം ഇതിൽ 16 യുവതികൾ തയ്യലിൽ മികച്ച പരിശീലനം നേടി.  വസ്ത്രങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി അടുത്ത അധ്യയന വർഷം മുതൽ ജില്ലയിലെ പട്ടികവർഗ സ്കൂളുകളിലും ഹോസ്റ്റലുകളിലുമുള്ള കുട്ടികൾക്കുള്ള സൗജന്യ യൂണിഫോം തയ്യാറാക്കാൻ വനമിത്ര പദ്ധതിക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.  ഇതിനായി എൻഎഫ്ഡിസിയിൽനിന്ന‌് വായ്പയെടുത്ത് രണ്ടുമാസത്തിനകം മുതുകാട് ടൗണിൽ പുതിയ തയ്യൽ യൂണിറ്റ് ആരംഭിക്കും.  ആദിവാസി കുടുംബങ്ങൾക്ക് പശുവളർത്തലിൽ ശാസ്ത്രീയ പരിശീലനം നൽകാനും  നടപടി തുടങ്ങി. ഒരു കുടുംബത്തിന് രണ്ടു പശുക്കളെ വീതം നൽകും. ഇതിനായി പട്ടികവർഗ വികസന വകുപ്പും മിൽമയുമായി ചേർന്ന് പദ്ധതി തയ്യാറാക്കും. ആദിവാസികളുടെ പരമ്പരാഗത തൊഴിലെന്ന നിലയിൽ കുട്ടനിർമാണം പരിപോഷിപ്പിക്കും . ഇരിങ്ങൽ സർഗാലയയുമായി ചേർന്ന് ഇതിന്റെ വിപണന സാധ്യത ഉറപ്പാക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു. ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് കെ സുനിൽ, കോർപറേഷൻ മാനേജിങ‌് ഡയറക്ടർ വി സിബിന്ദു, കോർപറേഷൻ മേഖലാ മാനേജർ കെ ഫൈസൽ മുനീർ എന്നിവരും  പങ്കെടുത്തു.  
പ്രധാന വാർത്തകൾ
 Top