19 March Tuesday

മലയോര മഹോത്സവത്തിന് തിരി തെളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

 

മുക്കം 
പ്രളയം തളർത്തിയ മലയോരത്തിന്റെ വീണ്ടെടുപ്പിനായി ഒരുക്കിയ കാർഷിക- വ്യാവസായിക വിദ്യാഭ്യാസ- സാംസ്കാരിക ടൂറിസം മേള–- മലയോര മഹോത്സവം 2019ന് അഗസ്ത്യൻമുഴിയിലെ ജില്ലാ പഞ്ചായത്ത‌് സ‌്റ്റേഡിയത്തിൽ ആവേശ തുടക്കം. വർണാഭമായ ഘോഷയാത്രക്കു ശേഷം നടന്ന ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ മേള ഉദ്ഘാടനം ചെയ്തു. 
ജനങ്ങളെ ഒന്നിപ്പിച്ചതിലൂടെ ദുരന്തങ്ങളെ അതിജീവിക്കുന്ന കാര്യത്തിൽ വളരെ വേഗം മുന്നോട്ട് പോകാൻ കഴിഞ്ഞു. നവകേരള നിർമിതിക്കുള്ള പ്രയാണത്തിൽ ജനജീവിതം സാധാരണ നിലയിലാക്കാനുള്ള സന്ദേശം ഉൾക്കൊണ്ടാണ് മലയോരത്ത് ഇത്തരമൊരു മഹോത്സവം സംഘടിപ്പിക്കാനിടയാക്കിയതെന്നും മന്ത്രി പറഞ്ഞു. 
ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും തിരുവമ്പാടി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 17  പഞ്ചായത്തുകളുടെയും മുക്കം, കൊടുവള്ളി  നഗരസഭകളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. 17 ദിവസങ്ങളിലായി നടക്കുന്ന മേള 27ന് സമാപിക്കും. 
നിപാ, പ്രളയദുരന്തം എന്നിവയെ തുടർന്ന് ഭൗതികമായും സാമ്പത്തികമായും തകർന്ന നാടിന്റെ പുനരുജ്ജീവനത്തിനായി ‘അതിജീവനത്തിനൊരു കൈത്താങ്ങ്' എന്ന മുദ്രാവാക്യമുയർത്തിയാണ് മലയോര മേഖല മഹോത്സവത്തിന് അരങ്ങൊരുക്കുന്നത്. സംഘാടക സമിതി രക്ഷാധികാരി ജോർജ് എം തോമസ് എംഎൽഎ അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു. സുന്ദരൻ എ പ്രണവം പ്രൊജക്ട് അവതരിപ്പിച്ചു. കോ-ഓർഡിനേറ്റർ അജു എമ്മാനുവൽ പ്രതിഭകളെ പരിചയപ്പെടുത്തി. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ഡോ. പി എം മത്തായി, എൻ ഉണ്ണികൃഷ്ണൻ, ബേബി കൂമ്പാറ, ടോമി ചെറിയാൻ എന്നിവരെ  മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.   
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എം രാധാമണി, പഞ്ചായത്ത് പ്രസിഡന്റുമാരായ സോളി ജോസഫ്, സി ടി സി അബ്ദുള്ള, എൻ സി ഹുസൈൻ, ബേബി രവീന്ദ്രൻ, അംബിക മംഗലത്ത്, ലിസി ചാക്കോച്ചൻ, കെ എസ് ബീന, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം സി കെ കാസിം, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ വിനോദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ ഗോപാലൻ, മുക്കം നഗരസഭാ കൗൺസിലർ പി പ്രശോഭ്കുമാർ, വിവിധ രാഷ്ട്രീയ പാർടി- വ്യാപാരി പ്രതിനിധികളായ ടി വിശ്വനാഥൻ, ഫിലിപ്പ് പാമ്പാറ, കെ മോഹനൻ , റഫീഖ് മാളിക, കെ ടി നളേശൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സ്വാഗതവും വർക്കിങ് കമ്മിറ്റി ചെയർമാൻ കെ കെ ദിവാകരൻ നന്ദിയും പറഞ്ഞു.
മലയോരത്തെ വിവിധ പ്രദേശങ്ങളിലെ കാർഷിക ഉൽപ്പന്നങ്ങളുടെയും ചെറുകിട കുടിൽ വ്യവസായ ഉൽപ്പന്നങ്ങളുടെയും വിപണനം, സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കുക, ദുരന്തത്തെ തുടർന്ന് തകർന്ന സമൂഹത്തെ പഴയനിലയിലേക്ക് കൈപിടിച്ചുയർത്തുക തുടങ്ങിയവയാണ് പ്രധാനമായും മേള ലക്ഷ്യമിടുന്നത്. കേന്ദ്ര-–-സംസ്ഥാന സർക്കാർ വകുപ്പുകളുടെ വിവിധ സ്റ്റാളുകൾ, അമ്യൂസ്‌മെന്റ് സംവിധാനങ്ങൾ,  സാഹസിക ഇനങ്ങൾ, പാക്കേജ് ടൂറും ഫാം ടൂറും, കുടുബശ്രീ ജില്ലാ മിഷന്റെ ഫുഡ്‌കോർട്ട് എന്നിവയും പ്രദർശന നഗരിയിലുണ്ട്.

 

പ്രധാന വാർത്തകൾ
 Top