23 September Wednesday

എം കേളപ്പന്‍: ഉജ്വല കമ്യൂണിസ്റ്റ് മാതൃക

പി മോഹനൻ (സിപിഐ എം ജില്ലാ സെക്രട്ടറി)Updated: Tuesday Aug 11, 2020

 

 
 
മുതിർന്ന കമ്യൂണിസ്റ്റ് നേതാവ്‌ എം കേളപ്പൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം. സിപിഐ എമ്മിന്റെ വളർച്ചയിലും വർഗബഹുജന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിലും നിർണായക പങ്കുവഹിച്ച നേതാക്കളിൽ പ്രധാനിയാണ് സഖാവ്‌. സി എച്ച് കണാരന്റെയും കേളുഏട്ടന്റെയും ശിക്ഷണത്തിൽ വളർന്ന സഖാവിന്റെ ജീവിതം നിസ്വവർഗങ്ങൾക്കായി സമർപ്പിച്ചതായിരുന്നു.
1959ൽ പാർടി സെൽ സെക്രട്ടറിയായാണ് ആ കമ്യൂണിസ്റ്റ് ജീവിതം ആരംഭിക്കുന്നത്. വില്ലേജ് സെക്രട്ടറി, വടകര, കുന്നുമ്മൽ ഏരിയാ സെക്രട്ടറി, 11 വർഷം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. കെഎസ്‌കെടിയു  സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. വടക്കൻ പാട്ട് കലാകാരനായും എഴുത്തുകാരനായും എം കെ പണിക്കോട്ടിയെന്ന പേരിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തി. പുരോഗമന കലാസാഹിത്യ സംഘം  സംസ്ഥാന സമിതി അംഗമായും പ്രവർത്തിച്ചു. മുനിസിപ്പൽ കൗൺസിൽ അംഗമായും സ്ഥിരംസമിതി അധ്യക്ഷനായും വടകരയുടെ വികസനത്തിനായി മുന്നിട്ടിറങ്ങി. ആത്മകഥയായ അമൃതസ്മരണകളുൾപ്പെടെയുള്ള നിരവധി പുസ്‌തകങ്ങളെഴുതി. നാടകങ്ങളെഴുതി സംവിധാനംചെയ്‌തു. തച്ചോളിക്കളി, കോൽക്കളി പരിശീലകനുമായിരുന്നു.
 മഹാമാരിയോടും അതുണ്ടാക്കിയ സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിയെയും അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ സഖാവിന്റെ ഒന്നാം ചരമവാർഷികം കടന്നുപോകുന്നത്. കോവിഡിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും ഭീഷണമായ സാഹചര്യം മുറിച്ചുകടക്കാനും ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനുമാണ്‌ എൽഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നത്‌. കേന്ദ്രസർക്കാരിന്റെ വർഗീയ, കോർപറേറ്റ്‌ വൽക്കരണ നയങ്ങൾക്കെതിരെ ബദൽ സമീപനങ്ങളിലൂന്നി എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോവുകയാണ്‌‌. നവകേരള നിർമിതിയെ മുന്നോട്ടുകൊണ്ടുപോയി എല്ലാ പ്രതിസന്ധികളെയും നമുക്ക് അതിജീവിക്കാനാകും. അയോധ്യയിൽ ക്ഷേത്രനിർമാണത്തിന്‌ ശിലാന്യാസം നടത്തി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ നീക്കം നടക്കുന്ന കാലത്ത്‌ മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനുംവേണ്ടി ഊക്കോടെ പോരാടേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്‌. കേളപ്പേട്ടനെപ്പോലുള്ള സഖാക്കളുടെ ജീവിതം നമുക്കതിന് കരുത്തുപകരും. അദ്ദേഹത്തിന്റെ ദീപ്ത സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top