23 January Wednesday

മാമ്പുഴ നവീകരണം 2 മാസത്തിനകം

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ബാബു പറശ്ശേരി മാമ്പുഴ ശുചീകരണ പ്രവൃത്തി പുരോഗതി വിലയിരുത്താൻ എത്തിയപ്പോൾ

സ്വന്തം ലേഖിക
കോഴിക്കോട‌്
മാലിന്യം നിറഞ്ഞ് ഒഴുക്ക് നഷ്ടപ്പെട്ട മാമ്പുഴയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ ബൃഹത‌് പദ്ധതി  രണ്ട‌് മാസത്തിനകം പൂർത്തിയാകും. നാല‌് ഘട്ടങ്ങളായുള്ള ശുചീകരണവും സംരക്ഷണ നടപടികളും പൂർത്തീകരിച്ച‌് മാർച്ചോടെ മാമ്പുഴയെ പൂർണമായി നവീകരിക്കുമെന്ന‌് ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ബാബു പറശ്ശേരി പറഞ്ഞു. പ്ലാസ‌്റ്റിക്കും അറവ‌് മാലിന്യവും മറ്റും നീക്കം ചെയ്യുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ‌്. 3.75 കിലോ മീറ്റർ ദൂരത്തിൽ മാലിന്യം നീക്കി. രണ്ടാംഘട്ടത്തിൽ കൂടുതലുള്ള ചെളിനീക്കം ചെയ്ത് പുഴയുടെ ആഴംകൂട്ടി ഒഴുക്ക് വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത‌്. 
യുഎൽസിസിയാണ് പ്രവൃത്തി നടത്തുന്നത്. 1.75 കോടി രൂപ വിനിയോഗിച്ച്  ജില്ലാ പഞ്ചായത്ത‌്, കോഴിക്കോട്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തുകളുടെയും പെരുവയൽ, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുഴയുടെ വീതി കുറഞ്ഞ ഭാഗങ്ങളിലും സമീപത്തെ ഓവുചാലിലും അടിഞ്ഞുകൂടിയ മാലിന്യം ഒന്നാംഘട്ട പ്രവൃത്തിയുടെ ഭാഗമായി നീക്കം ചെയ്തു. 
   മാലിന്യം നിറഞ്ഞ‌് ഒഴുക്ക‌് നിലച്ച അവസ്ഥയിലായിരുന്നു മാമ്പുഴ.  മലിനജലം എത്തുന്നത‌്  സമീപത്തെ കിണറുകൾക്കും ഭീഷണിയായി. തുടർന്നാണ‌് ജനകീയ കൂട്ടായ‌്മയിൽ ജില്ലാ പഞ്ചായത്ത‌് ബൃഹത‌് പദ്ധതി ഒരുക്കുന്നത‌്. സർവേ നടത്തി നവീകരണത്തിന‌് വിശദ്ധമായ റിപ്പോർട്ട‌് തയ്യാറാക്കി. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ മുതൽ ഒളവണ്ണ പഞ്ചായത്തിലെ കുന്നത്ത‌് പാലം വരെ 8.94 കിലോമീറ്റർ ദൂരത്താണ‌് പഠനം നടത്തിയത‌്‌. കഴിഞ്ഞ നവംബർ അഞ്ചിന‌് ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ബാബു പറശ്ശേരിയാണ‌് നവീകരണത്തിന‌് തുടക്കമിട്ടത്.  
രണ്ടാം ഘട്ടം പൂർത്തീകരിച്ചശേഷം ജൈവഭൂ വസ്ത്രം വിരിച്ച് പുഴഭിത്തി സംരക്ഷിക്കും.  തൊഴിലുറപ്പ‌് പദ്ധതിയിൽ ഉൾപ്പെടുത്തി ഭിത്തിസംരക്ഷണം പൂർത്തിയാക്കാനാണ‌് തീരുമാനിച്ചത‌്.  പഞ്ചായത്തുകളിൽ പ്രസിഡന്റുമാരും വാർഡിൽ അംഗങ്ങളും ചെയർമാനായുള്ള പുഴസംരക്ഷണ സമിതിയാണ് മാലിന്യങ്ങൾ തള്ളുന്നത‌് തടയാൻ മേൽനോട്ടം വഹിക്കുന്നത്.
പ്രധാന വാർത്തകൾ
 Top