21 October Monday
കണ്ണുകൾ ദാനം ചെയ്യുമെന്ന്‌ മേയർ

വെളിച്ചം പകർന്ന്‌ കോംട്രസ്റ്റ് മാതൃക

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

മേയർ തോട്ടത്തിൽ രവീന്ദ്രന് കോംട്രസ്റ്റ് കണ്ണാശുപത്രി അധികൃതർ നേത്രദാന പ്രതിജ്ഞാ സർട്ടിഫിക്കറ്റ്‌ കൈമാറുന്നു

കോഴിക്കോട്‌
നേത്രദാനത്തിൽ മികച്ച മാതൃകയായി കോഴിക്കോട്‌ കോംട്രസ്റ്റ് കണ്ണാശുപത്രി. 2000 ൽ ആരംഭിച്ച ആശുപത്രിയിലെ നേത്രബാങ്കിൽ ഇതുവരെയായി 510 പേരുടെ കണ്ണുകൾ ദാനമായി ലഭിച്ചു.  ഇതിലൂടെ  കാഴ്‌ചാ വൈകല്യമുള്ള 452 പേർക്ക്‌ കണ്ണുമാറ്റിവച്ച്‌ പുതിയ ജീവിതം ലഭിച്ചു. 
മറ്റുള്ളവർക്ക് പ്രചോദനമേകാൻ തന്റെ കണ്ണുകളും ദാനം ചെയ്യാൻ താൽപ്പര്യമറിയിച്ച് മേയർ തോട്ടത്തിൽ രവീന്ദ്രനും രംഗത്തെത്തി. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ച നടത്തിയ ബോധവൽക്കരണ പരിപാടികളുടെ സമാപന സമ്മേളന വേദിയിലായിരുന്നു മേയറുടെ തീരുമാനം. സമാപനം മേയർ  ഉദ്ഘാടനംചെയ്തു. വിവിധ ബോധവൽക്കരണ പരിപാടികളും നടത്തി.  ഐ ബാങ്ക് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.  നേത്രദാനത്തിന്‌  താൽപ്പര്യമുള്ളവർക്ക് സമ്മതപത്രം നൽകാനുള്ള പ്രത്യേക കൗണ്ടറും ഒരുക്കി.  കോംട്രസ്റ്റ് ഐ കെയർ സൊസൈറ്റി വൈസ് പ്രസിഡന്റ്‌  കെ ടി രഘുനാഥ് അധ്യക്ഷനായി. നേത്രദാനത്തെക്കുറിച്ച് മെഡിക്കൽ ഡയറക്ടർ ഡോ. ലൈലാ മോഹൻ വിശദീകരിച്ചു.  ഡോ. പി എൻ മിനി സംസാരിച്ചു. കെ വി എം അഷറഫ് സ്വാഗതവും ടി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
കോംട്രസ്റ്റ് നേത്രബാങ്കിലേക്ക് മരണാനന്തരം കിട്ടുന്ന കണ്ണുകളിലൂടെ, കണ്ണുമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ സൗജന്യമായാണ്‌ നടത്തുന്നത്‌. കഴിഞ്ഞ 4ാം തീയതി രാമനാട്ടുകര സ്വദേശിയായ എൺപതുകാരൻ കിഴുമങ്ങാട്ട്‌ രാമചന്ദ്രൻ നായരുടെ കണ്ണുകളാണ്ഏറ്റവും ഒടുവിൽ കോംട്രസ്റ്റ് നേത്രബാങ്കിലേക്ക്‌ ലഭിച്ചത്‌.
പ്രധാന വാർത്തകൾ
 Top