24 March Sunday

ദുരിതപ്പെയ്‌ത്തിൽ വൻ നാശം

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
കോഴിക്കോട‌്  
ജില്ലയിൽ രണ്ടുദിവസമായി തുടരുന്ന മഴയിൽ  വൻ നാശം. മലയോര മേഖല ദുരിതപ്പെയ‌്ത്തിൽ വിറങ്ങലിച്ചുനിൽക്കുന്നു. ചൂരണി മല, പുതുപ്പാടി, മുത്തപ്പൻപുഴക്കടുത്തുള്ള മറിപ്പുഴ, പേരാമ്പ്ര മുതുകാട‌് ഒന്നാം ബ്ലോക്ക‌് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി കൃഷിനാശമുണ്ടായി. പുതുപ്പാടിയിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു.   
മലയോരത്ത‌് താമരശേരി, കുറ്റ്യാടി, മുക്കം എന്നിവിടങ്ങളിലാണ‌് വ്യാപക നാശം.  കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ   ഉരുൾപൊട്ടൽ ഭീഷണി തുടരുന്നു.   62 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.  നിരവധി വീടുകൾ വെള്ളത്തിനടിയിലാണ‌്. കക്കയം ഡാമിന്റെ ഷട്ടർ തുറന്നതിനാൽ ഇരുകരയിലുമുള്ള  വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ‌്.
 ചാലിയാർ പുഴ കരകവിഞ്ഞതിനെ തുടർന്ന‌് ഫറോക്കിലെ പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. അഗ‌്നിശമന സേനാംഗങ്ങൾക്കൊപ്പം ദേശീയ ദുരന്ത നിവാരണ സേനയും  വെസ്റ്റ്ഹിൽ ബാരക‌്സിൽ നിന്നുള്ള സൈന്യവും രക്ഷാപ്രവർത്തനത്തിനെത്തി. പുതുപ്പാടി, തിരുവമ്പാടി, വടകര എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. 
 ചൂരണിയിൽ ഉരുൾപൊട്ടി  
കാവിലുംപാറ പഞ്ചായത്തിലെ അതിർത്തി വനാന്തർഭാഗത്ത് ചൂരണിയിൽ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശം. ചുരം ബദൽ റോഡായ ചൂരണി ‐ പക്രംതളം ചുരം റോഡ് തകർന്നു. ഉരുൾപൊട്ടലിൽ ചൂരണി പാലക്കാട്ടുകുന്നേൽ ടോമിയുടെ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.
ചുരം റോഡിൽ ചുങ്കക്കുറ്റിയിൽ മണ്ണിടിഞ്ഞും മരം കടപുഴകിയും ഗതാഗതം തടസ്സപ്പെട്ടു. മൂന്നാം വളവിൽ റോഡിൽ വിള്ളലുണ്ടായി. കോൺവെന്റ് റോഡിൽ വെള്ളക്കെട്ടു കാരണം റോഡ് അപകടാവസ്ഥയിലാണ്. പൂതംപാറ അങ്ങാടിക്കു സമീപം റോഡിന്റെ പാർശ്വഭിത്തിയിൽ വിള്ളൽ വീണു. മരുതോങ്കര പഞ്ചായത്തിലെ വയനാട് അതിർത്തിയായ മാവട്ടത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കടന്തറ പുഴ കരകവിഞ്ഞു. പീടികപ്പാറ, സെൻട്രൽ മുക്ക്, വണ്ണാത്തച്ചിറ കോളനിയിലെ ഇരുപത്തിയഞ്ചോളം കുടുംബങ്ങളെ പശുക്കടവ് ദുരിതാശ്വാസ കേന്ദ്രത്തിലെക്ക് മാറ്റി.  ചുരം റോഡിലെ അഞ്ച‌് വളവുകളിൽ മണ്ണിടിച്ചിലുണ്ട‌്. തൊട്ടിൽപ്പാലം, കുറ്റ്യാടി, പുഴകൾ കരകവിഞ്ഞു. നരിപ്പറ്റ പഞ്ചായത്തിലെ വാണിമേൽ പുഴ കരകവിഞ്ഞതിനാൽ ജനങ്ങൾ ഭീതിയിലാണ‌്.  
പുതുപ്പാടിയിൽ ഉരുൾപൊട്ടി മരണം
കനത്ത മഴയിൽ താമരശേരി മേഖലയിലും കനത്തനാശം. പുതുപ്പാടി മട്ടിക്കുന്നിൽ ഉരുൾപൊട്ടി. തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ‌് യുവാവ് മരിച്ചത‌്. ബുധനാഴ്ച വൈകിട്ട് ഏഴോടെ മട്ടിക്കുന്ന് എടുത്തവെച്ചകല്ല് വനഭൂമിയിൽ ചെറിയ ഉരുൾപൊട്ടലുണ്ടായി. രാത്രി പതിനൊന്നിനുണ്ടായ വലിയ ഉരുൾപൊട്ടലാണ് നാശം വിതച്ചത്. 
മലവെള്ള പാച്ചിലിൽ മട്ടിക്കുന്ന് പാലത്തിൽ കല്ലും മരങ്ങളും വന്നടിഞ്ഞ് പുഴ ഗതിമാറിയതാണ് വൻനാശനഷ്ടമുണ്ടാക്കിയത്. മട്ടിക്കുന്ന് പാലത്തിന് സമീപത്ത്  രണ്ട‌് വീടുകളും  കണ്ണപ്പൻകുണ്ടിൽ ആറ് വീടുകളും ഒരു കടയും തകർന്നു. ഒരു വീട് പൂർണമായും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പുതുപ്പാടി പഞ്ചായത്തിലെ മൈലള്ളാംപാറ സെന്റ് ജോസഫ് സ്‌കൂൾ, മണൽവയൽ എകെടിഎം സ്‌കൂൾ, തിരുവമ്പാടി പഞ്ചായത്തിലെ സെന്റ് ജോസഫ് സ്‌കൂൾ, കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് എൽപി സ്‌കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 
മുക്കത്തും വൻ നാശം 
ചൊവ്വാഴ‌്ച രാത്രി തുടങ്ങിയ മഴ വ്യാഴ‌ാഴ‌്ച രാത്രിയും മുക്കത്ത‌് തുടരുകയാണ‌്.  മുത്തപ്പൻ പുഴയ‌്ക്കടുത്തുള്ള മറിപ്പുഴയിലാണ‌് ഉരുൾപൊട്ടിയത‌്. ആളപായമില്ല. പാലം ഒലിച്ചുപോയതിനെ തുടർന്ന‌് 12 വീടുകൾ ഒറ്റപ്പെട്ടു. പുല്ലൂരാംപാറയ‌്ക്കടുത്തുള്ള ഇലന്ത‌്കടവിലും തിരുവമ്പാടി അങ്ങാടിയിലും വെള്ളം കറയി. ആനക്കാംപൊയിൽ, പുല്ലൂറാംപാറ, കൂടരഞ്ഞി മേഖലകൾ ഒറ്റപ്പെട്ടു. സംസ്ഥാന പാതയിൽ അഗസ‌്ത്യമുഴി, മുക്കം ഭാഗങ്ങളിൽ ഗതാഗതം മുടങ്ങി. കാരശേരി പഞ്ചായത്തിലെ കൊടിയത്തൂരിലെ  തീരം ഇടിയുന്നത‌ിനാൽ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട‌്. 
ഫറോക്കിലും ദുരിതം
കനത്തമഴയിൽ ചാലിയാർ കരകവിഞ്ഞതോടെ ഫറോക്കിലെ വിവിധ മേഖലകൾ വെള്ളക്കെട്ടിനടയിലായി. ഇരുനൂറോളം വീടുകളിൽ വെള്ളംകയറി. ചെറുവണ്ണൂർ, രാമനാട്ടുകാര നഗരസഭയിലെ പരുത്തിപ്പാറ, മൂർഖനാട‌് എന്നിടങ്ങൾ ഒറ്റപ്പെട്ടു. പരുത്തിപ്പാറ‐മൂർഖനാട്ടിലെ 20 വീടുകളിൽ വെള്ളംകയറി. ചെറുവണ്ണൂർ കരിമ്പാടം കോളനിയിലെ 85 വീടുകളിലും  ചെറിയ കരിമ്പാടം കോളനിയിൽ 55 വീടുകളിലും ബിസി റോഡിന‌് സമീപം 40 വീടുകളിലും  വെള്ളം കയറി. ചെറുവണ്ണൂർ‐കൊളത്തറ റോഡിൽ ഗതാഗതം പൂർണമായി നിലച്ചു. 
ജലനിരപ്പുയർന്നതിനാൽ കക്കയം ഡാമും തുറന്നു. ഇതേ തുടർന്ന‌് പുഴയുടെ ഇരുകരയിലുമുള്ള വീടുകളിൽ വെള്ളംകയറി. കരിയാത്തൻപാറ അർധനാരീശ്വരക്ഷേത്രം വെള്ളത്തിൽ മുങ്ങി‌. തലയാട‌് ഇരുപതാം മൈലിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ട‌്. കനത്തമഴയിൽ കക്കോടി, കോട്ടൂപ്പാടം, മോരിക്കര തുടങ്ങിയ ഇടങ്ങളിൽ വെള്ളം കയറി. മാവൂരും വെള്ളപ്പൊക്ക ദുരിതത്തിലാണ‌്. കുന്നമംഗലത്ത‌് താഴ‌്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. 
നാദാപുരത്തെ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണിയാണ‌്. വിലങ്ങാട‌് ടൗണിൽ വെള്ളം കയറി. വാളുമുക്കിൽ മണ്ണിടിഞ്ഞു.
പ്രധാന വാർത്തകൾ
 Top