31 January Tuesday

കോട്ടൺമില്ലിനും 
 പറയാനുണ്ട്‌ സമരകഥകൾ

പി കെ സജിത്‌Updated: Friday Dec 9, 2022

തിരുവണ്ണൂർ കോട്ടൺ മിൽ ( ഫയൽ ചിത്രം)

 

കോഴിക്കോട്‌
 കേരളത്തിലെ ആദ്യ ടെക്‌സ്‌റ്റൈൽ മില്ലായി 1890ൽ ഉദ്‌ഘാടനംചെയ്‌ത മലബാർ സ്‌പിന്നിങ്‌ ആൻഡ്‌ വീവിങ്‌ മിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു. മലബാറിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയിൽ നിർണായക സ്ഥാനമുള്ള മില്ലിന്‌ മറക്കാനാവാത്ത സമരകഥകൾ പറയാനുണ്ട്‌. 
  1935 ഫെബ്രുവരി 12ന്‌ ആരംഭിച്ച കോട്ടൺമില്ലിലെ തൊഴിലാളി പണിമുടക്ക്‌ ചരിത്രത്തിലെ സുപ്രധാന ഏടാണ്‌. പത്തുമണിക്കൂറും അതിലേറെയുമായിരുന്നു ജോലിസമയം. ഇന്ത്യ ഗവൺമെന്റ്‌ തൊഴിൽ സമയം ആഴ്‌ചയിൽ 60ൽ നിന്ന്‌ 54 മണിക്കൂറാക്കി നിയമംകൊണ്ടുവന്നു. പക്ഷേ മലബാറിൽ അത്‌ ബാധകമാക്കിയില്ല. 54 മണിക്കൂർ എന്നത്‌ അഞ്ചരദിവസത്തെ ജോലി എന്നാക്കി അരദിവസത്തെ വേതനം കവർന്നു. 
 കല്ലായിയിൽ തൊഴിലാളി യോഗത്തിൽ പ്രസംഗിച്ചതിന്‌ മാനാരി അപ്പുവിനെ പിരിച്ചുവിട്ടു. ഇതേത്തുടർന്ന്‌ സിപ്‌ന്നിങ്‌ വിഭാഗത്തിലെ ഇരുനൂറിലേറെപ്പേർ കമ്പനി വിട്ടിറങ്ങി. പകുതിയിലേറെയും സ്‌ത്രീകൾ. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, ജോലിസമയം എട്ടുമണിക്കൂറാക്കുക, പണിമുടക്കുന്നവർക്കെതിരെയുള്ള ശിക്ഷാനടപടി ഒഴിവാക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ. ഫെബ്രുവരി 12 മുതൽ പണിമുടക്ക്‌ തുടങ്ങി. പട്ടണത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പ്രകടനങ്ങളും പൊതുയോഗങ്ങളും. കെ കേളപ്പൻ, പി കൃഷ്‌ണപിള്ള, എ കെ ജി, പി നാരായണൻ നായർ, സർദാർ ചന്ത്രോത്ത്‌ കുഞ്ഞിരാമൻ നായർ, മഞ്ചുനാഥറാവു, പി എം കൃഷ്‌ണൻ മേനോൻ തുടങ്ങിയവർ സമരം നയിച്ചു. 
  ഒടുവിൽ മാനേജ്‌മെന്റ്‌ നേതാക്കളുമായി സംസാരിച്ചു, അപ്പുവിനെ തിരിച്ചെടുക്കാനും കൂലികൂട്ടാനും ധാരണയായി. ഒത്തുതീർപ്പ്‌ വ്യവസ്ഥ ലംഘിച്ചപ്പോൾ തൊഴിലാളികൾ വീണ്ടും സമരത്തിനിറങ്ങി. പ്രകടനങ്ങളും പൊതുയോഗവും സർക്കാർ നിരോധിച്ചു. കൃഷ്‌ണപിള്ള, എ കെ ജി, എൻ സി ശേഖർ എന്നിവർക്കെതിരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കോഴിക്കോട്ടെ തൊഴിലാളികളുടെ പണിമുടക്ക്‌ രണ്ടുമാസവും അഞ്ചുദിവസവും പിന്നിട്ട്‌ ജനുവരി 17നാണ്‌ പിൻവലിച്ചത്‌. ചില ആവശ്യങ്ങൾ അംഗീകരിച്ചു. 
ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാർ മില്ലിന്റെ സാരഥ്യം ഏറ്റെടുത്തു. ഇ എം എസ്‌ സർക്കാരിനെ അട്ടിമറിച്ച്‌ അധികാരത്തിലെത്തിയവർ മിൽ  ഉടമയ്‌ക്ക്‌ തിരിച്ചുനൽകി. വീണ്ടും സർക്കാർ അധീനതയിലായ സ്ഥാപനം പിന്നീട്‌ യുഡിഎഫ്‌ സർക്കാർ ലാഭകരമല്ലെന്നുപറഞ്ഞ്‌ അടച്ചിട്ടു. തൊഴിലാളി നേതാവായ എളമരം കരീം വ്യവസായമന്ത്രിയായപ്പോഴാണ്‌ മിൽ ആധുനികരീതിയിൽ വികസിപ്പിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top