27 January Friday

കുട്ടികളിലെ ജനിതകരോഗ 
ചികിത്സയ്‌ക്ക്‌ ‘നിദാൻ കേന്ദ്ര’

സ്വന്തം ലേഖികUpdated: Friday Dec 9, 2022

കോഴിക്കോട്‌ 

കുട്ടികളിലെ ജനിതക രോഗ നിർണയത്തിനും ജനിതക കൗൺസലിങ്ങിനുമായി  കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രത്യേക കേന്ദ്രം വരുന്നു. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ  ശിശുരോഗ വിഭാഗത്തിനും മൾട്ടി ഡിസിപ്ലിനറി റിസർച്ച്‌ യൂണിറ്റിനും കീഴിലാണ്‌ ‘നിദാൻ കേന്ദ്ര’(നാഷണൽ ഇൻഹെറിറ്റഡ്‌ ഡിസോർഡേസ്‌ അഡ്‌മിനിസ്‌ട്രേഷൻ കേന്ദ്ര) ഒരുങ്ങുന്നത്‌. തിരുവനന്തപുരം മെഡിക്കൽ കോളേജും നിദാൻ കേന്ദ്രയ്‌ക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. 

     എസ്‌എംഎ (സ്പൈനൽ മസ്കുലാർ അട്രോഫി ), ഡുഷീൻ മസ്‌കുലാർ ഡിസ്‌ട്രോഫി, ജന്മനായുള്ള പ്രതിരോധ ശേഷി കുറവ്‌ തുടങ്ങിയ ജനിതക രോഗങ്ങളും അപൂർവ രോഗങ്ങളും  നേരത്തേ കണ്ടെത്താനുള്ള  പരിശോധനയും  കുടുംബാംഗങ്ങൾക്ക്  അവബോധം നൽകുന്ന ജനറ്റിക് കൗൺസിലിങ്‌ സേവനം  ലഭ്യമാക്കുകയുമാണ്‌ ലക്ഷ്യം.  

ജനിതകരോഗങ്ങളിൽ മിക്കതും അപൂർവമാണെന്നതിനാൽ  കൃത്യമായ രോഗ നിർണയം വൈകാറുണ്ട്‌.   ഈ ഉദ്യമത്തിലൂടെ പരിശോധനാ സംവിധാനങ്ങൾ വിപുലപ്പെടുത്തി ചികിത്സ യഥാസമയം ലഭ്യമാക്കാനാവും. ആദ്യ കുട്ടിയ്‌ക്ക്‌ അസുഖമുള്ളവരിൽ പിന്നീടുള്ള ഗർഭകാല  പരിശോധനയ്‌ക്കും മറ്റും  ഏറെ സഹായകരമാവുന്നതാണിത്‌. 

 മൂന്ന്‌ വർഷത്തേക്ക്‌ ഒന്നരക്കോടി രൂപ ചെലവിട്ടാണ്‌ നടപ്പാക്കുന്നത്‌.  ഗർഭാവസ്ഥയിലും കുഞ്ഞ്‌ പിറന്ന ശേഷവും നടത്തുന്ന ചെലവേറിയ പരിശോധനകൾക്കുള്ള സൗകര്യവും മെഡിക്കൽ കോളേജുകളിൽ ഇല്ല. എംഎൽപിഎ, പിസിആർ, ഫിഷ്‌ ടെസ്‌റ്റ്‌ തുടങ്ങിയവ പുറത്ത്‌ നിന്നാണ്‌ ചെയ്യുന്നത്‌.  ഉപകരണങ്ങൾ, രാസവസ്‌തുക്കൾ, വൈദഗ്‌ധ്യമുള്ള ജീവനക്കാർ  എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കും. രോഗ നിർണയ ശേഷം കൗൺസലിങ്‌, ചികിത്സ എന്നീ സേവനങ്ങളാണ്‌ നൽകുക.   

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top