25 January Saturday

പൊതുവിദ്യാഭ്യാസം തകർക്കാൻ അനുവദിക്കില്ല: കെഎസ്‌ടിഎ

സ്വന്തം ലേഖകൻUpdated: Monday Dec 9, 2019
 
ബത്തേരി
സംസ്ഥാനത്ത‌് പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ നേട്ടങ്ങളെ തകർക്കുന്നതിന‌് പ്രതിലോമ ശക്തികൾ വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന നുണപ്രചാരണങ്ങളെ പൊതുസമൂഹം  തള്ളണമെന്ന‌് കെഎസ‌്ടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എൽഡിഎഫ‌് സർക്കാർ നവകേരള മിഷനിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ‌്. ബത്തേരി ഗവ. സർവജന സ‌്കൂൾ വിദ്യാർഥിനി ഷഹല ഷെറിൻ ക്ലാസ‌് മുറിയിൽനിന്നും  പാമ്പുകടിയേറ്റ‌് മരിച്ച ദൗർഭാഗ്യകരമായ സംഭവത്തിന്റെ മറവിൽ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അധ്യാപകരെയും മോശമായി ചിത്രീകരിച്ച‌് ചില നിക്ഷിപ‌്ത താൽപര്യക്കാർ അപവാദം പ്രചരിപ്പിക്കുകയാണ‌്. പൊതുസമൂഹത്തിന്റെ പിന്തുണയോടെ വിദ്യാലയങ്ങൾ കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കുകയാണ‌് ലക്ഷ്യം. സംസ്ഥാനത്തെ മതനിരപേക്ഷ ജനകീയ ബദൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, പുത്തൻ ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, ജനുവരി ‌എട്ടിന്റെ ദേശീയ പണിമുടക്ക‌് വിജയിപ്പിക്കുക, പിഎഫ‌്ആർഡിഎ നിയമം പിൻവലിച്ച‌് പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ‌്കരണ കമീഷൻ നടപടികൾ വേഗത്തിലാക്കുക, സ‌്കൂൾ ഏകീകരണ നടപടികൾ ത്വരിതപ്പെടുത്തുക, ജില്ലയിൽ കൂടുതൽ പ്ലസ‌്ടു ഹ്യൂമാനിറ്റീസ‌് ബാച്ചുകൾ അനുവദിക്കുക, എയ‌്ഡഡ‌് വിദ്യാഭ്യാസ മേഖലയിലെ പ്രശ‌്നങ്ങൾ പരിഹരിക്കുക, കലാ കായിക പ്രവൃത്തി പരിചയ അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പ‌് വരുത്തുക, വിഎച്ച‌്എസ‌്സി മേഖലയിലെ പ്രശ‌്നങ്ങൾക്ക‌് പരിഹാരം കാണുക, എൻ എച്ച‌് 766ലെ രാത്രിയാത്ര നിരോധനം പിൻവലിക്കുക, പ്രൈമറി പ്രധാനാധ്യാപകരെ ക്ലാസ‌് ചാർജിൽ നിന്നും ഒഴിവാക്കുക, ഗോത്രബന്ധു അധ്യാപകരുടെ ജോലി സ്ഥിരത ഉറപ്പ‌് വരുത്തുക, സമഗ്രശിക്ഷ കേരളയുടെ ഫണ്ട‌് വെട്ടിക്കുറച്ച കേന്ദ്ര നടപടി തിരുത്തുക, നവലിബറൽ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പ്രധാന വാർത്തകൾ
 Top