കോഴിക്കോട്
കോവിഡ് അടച്ചുപൂട്ടലിൽ ഇരുൾവീണ വെള്ളിത്തിരയിൽ വീണ്ടും വർണത്തിളക്കം. ഇടവേളയ്ക്ക് ശേഷം വിരുന്നെത്തിയ മമ്മൂട്ടിയുടെ കടക്കൽ ചന്ദ്രനെയും ഫാദർ കാർമൻ ബെനഡിക്ടിനെയും മഞ്ജുവാര്യരുടെ സൂസൻ ചെറിയാനെയും ടൊവിനോയുടെ ഷാജിയെയുമെല്ലാം കാണാനെത്തുന്നവർ തിയറ്ററുകളെ ഹൗസ്ഫുള്ളാക്കുന്നു. കുടുംബ പ്രേക്ഷകരും ചെറുപ്പക്കാരുമാണ് സിനിമാ പ്രേമികളിലധികവും.
ലോക്ഡൗണിനെ തുടർന്ന് അടച്ച തിയറ്ററുകൾ ജനുവരിയിലാണ് തുറന്നത്. ജയസൂര്യ നായകനായെത്തിയ വെള്ളവും മമ്മൂട്ടിയുടെ വണ്ണും പ്രീസ്റ്റും ടൊവിനോയുടെ കളയുമെല്ലാം പ്രേക്ഷകരെ തിയറ്ററിലേക്ക് വിളിച്ചുകയറ്റി. ദീർഘകാലം തിയറ്റുകൾ അടച്ചിട്ടിട്ടും പ്രേക്ഷകർ തിയറ്ററിൽ നിന്ന് അകന്നില്ലെന്നതിന്റെ തെളിവാണിതെന്ന് കോഴിക്കോട് കൈരളി, ശ്രീ തിയറ്റർ മാനേജർ പി എ മോഹൻകുമാർ പറയുന്നു. വൺ, കള, പ്രീസ്റ്റ് തുടങ്ങിയവ റിലീസ് ചെയ്ത ആദ്യ ആഴ്ചകളിൽ ഹൗസ്ഫുൾ ആയിരുന്നു.
തിയറ്ററുകളിലുള്ള അനുഗ്രഹീതൻ ആന്റണിക്കും പ്രേക്ഷകരേറെയാണ്.
വ്യാഴാഴ്ച റിലീസ് ചെയ്ത ചതുർമുഖം, നായാട്ട് എന്നിവയ്ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വിഷുച്ചിത്രങ്ങളായ ഇവയ്ക്കൊപ്പം വെള്ളിയാഴ്ച നിഴലുമെത്തും. മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നിവയെല്ലാം ഉടൻ പ്രേക്ഷകരിലേക്കെത്തും.
അമ്പത് ശതമാനം സീറ്റുകളാണ് പ്രേക്ഷകർക്കായി നൽകുന്നത്. ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കാനേ അനുമതിയുള്ളൂ. വൈകിട്ട് ആറിന്റെയും രാത്രി ഒമ്പതിന്റെയും ഷോയ്ക്കാണ് കുടുംബ പ്രേക്ഷകർ എത്തുന്നത്. മാറ്റിനി ഷോയ്ക്ക് ചെറുപ്പക്കാരും വിദ്യാർഥികളുമാണ് കൂടുതലും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..